പ്രളയ പുനർനിർമാണം: എഡിബി വായ്പയും അന്തിമഘട്ടത്തിൽ
Tuesday, July 2, 2019 2:18 AM IST
തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിനുള്ള 20 കോടി ഡോളറിന്റെ (1380 കോടി രൂപ) ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ (എഡിബി) വായ്പയും അന്തിമ ഘട്ടത്തിൽ. വൈകാതെ തന്നെ എഡിബി വായ്പ അനുവദിക്കുമെന്നാണു സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു ലഭിച്ചിട്ടുള്ള വിവരം.
സംസ്ഥാനത്തെ കുടിവെള്ള പദ്ധതികളുടെ നിർമാണം, നദീതീര സംരക്ഷണം, തടയണ നിർമാണം തുടങ്ങിയ പദ്ധതികൾക്കായാണ് എഡിബി വായ്പ അനുവദിക്കുന്നത്. മാസങ്ങൾക്കു മുൻപു തന്നെ എഡിബി സംഘം കേരളം സന്ദർശിക്കുന്നതു പ്രളയവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം കേരള പുനവർ നിർമാണത്തിനു ജർമൻ സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ കഐഫ്ഡബ്യുവിന്റെ 1400 കോടി രൂപയുടെ വായ്പ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനു കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതോടൊപ്പം ലോകബാങ്കിന്റെ 1725 കോടി രൂപയുടെ വായ്പയും ലഭിച്ചിരുന്നു.
പൊതുമരാമത്തു റോഡുകൾ മികച്ച നിലവാരത്തിൽ പുനർ നിർമിക്കാനാണ് ജർമൻ സ്ഥാപനം വായ്പ നൽകിയിട്ടുള്ളത്. 560 കിലോമീറ്റർ റോഡെങ്കിലും ഈ തുക ഉപയോഗിച്ചു നിർമിക്കാനാകുമെന്നാണു കണക്കാക്കുന്നത്. നാലര മുതൽ അഞ്ചു ശതമാനം വരെ പലിശയാണ് ഇതിനായി ഈടാക്കുക. ലോകബാങ്കിൽ നിന്നുള്ള 1725 കോടി രൂപ ഗ്രാമീണ റോഡുകളുടെ വികസനത്തിനായാണ് ഉപയോഗിക്കുന്നത്.
ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ എട്ടിടത്തു മേൽപ്പാത സഹിതം നിർമിക്കാനാണു ലക്ഷ്യമിടുന്നത്. മഴയെ അതിജീവിക്കും വിധമാണു നിർമാണ രൂപരേഖ തയാറാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിൽ നിന്നു തുക ചെലവഴിക്കാനാണു ലക്ഷ്യമിടുന്നത്. ജർമൻ വായ്പയിലേക്ക് ഇതു മാറ്റുന്നതും സർക്കാർ പരിഗണിക്കുന്നു. വയനാട് ചുരത്തിനു ബദലായി നിർമിക്കാൻ ഉദ്ദേശിക്കുന്ന തുരങ്കപാതയും ജർമൻ സഹായത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.