വ്യാപാരിസംഘർഷം: നസിറുദീനും സംഘത്തിനും മർദനമേറ്റു
Thursday, October 17, 2019 12:19 AM IST
ഒറ്റപ്പാലം: വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണം. ഒറ്റപ്പാലത്തെത്തിയ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ അടക്കമുള്ളവർക്കു മർദനമേറ്റു. നസിറുദീനും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന മൂന്നു വാഹനങ്ങൾ അടിച്ചുതകർത്തു. പോലീസ് ലാത്തിവീശി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ അടക്കമുള്ളവരുടെ പേരിൽ പോലീസ് കേസെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ ബാബു കോട്ടയിൽ പ്രസിഡന്റായ കമ്മിറ്റി പിരിച്ചുവിട്ടതായി കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ബാബു കോട്ടയിൽ കോടതിയെ സമീപിക്കുകയും സംസ്ഥാന പ്രസിഡന്റിന്റെ നടപടി കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതു വകവയ്ക്കാതെ പാലക്കാട്ട് പ്രവർത്തകസമ്മേളനം നടത്താനുള്ള തീരുമാനവുമായി ഒരു വിഭാഗം വ്യാപാരികൾ മുന്നോട്ടുപോവുകയായിരുന്നു.
സംഘർഷ, അക്രമ സാധ്യതകൾ കണക്കിലെടുത്ത് കണ്വൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പരിസരപ്രദേശങ്ങളിൽ പോലീസ് 144 പ്രഖ്യാപിച്ചു. ഇക്കാര്യം മനസിലാക്കിയ ടി. നസിറുദീനെ അനുകൂലിക്കുന്ന വ്യാപാരികൾ കണ്വൻഷൻ ഒറ്റപ്പാലത്തേക്കു മാറ്റിയതായി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ കോഴിക്കോട്ടുനിന്ന് ഒറ്റപ്പാലത്തേക്കു വാഹനത്തിൽ വരുമ്പോൾ വരോട് വീട്ടാമ്പാറയിൽ ഒരുസംഘം ആളുകൾ വാഹനത്തിനുനേരെയും മറ്റു രണ്ടു വാഹനങ്ങൾക്കുനേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
നസിറുദീന്റെ കൂടെയുണ്ടായിരുന്നവർക്കും മർദനമേറ്റു. നസിറുദീൻ സഞ്ചരിച്ചിരുന്നതടക്കമുള്ള രണ്ട് ഇന്നോവ ക്രിസ്റ്റയും ഒരു ഫോർച്യൂണറും ആണ് അക്രമികൾ അടിച്ചുതകർത്തത്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും തകർന്നു. നസിറുദീനും ഒപ്പമുണ്ടായിരുന്നവർക്കും മുഖത്തും തലയ്ക്കും മർദനമേറ്റു. ആക്രമണവിവരം അറിഞ്ഞു പാഞ്ഞെത്തിയ പോലീസാണ് ഇവരെ രക്ഷിച്ചത്. സംഭവസ്ഥലത്തുനിന്നുതന്നെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നസിറുദീനും ഒപ്പമുണ്ടായിരുന്നവരും ഇവിടെനിന്നു പ്രാഥമിക ചികിത്സ നേടിയശേഷം ഒറ്റപ്പാലം വ്യാപാരഭവനു മുന്നിലെത്തുകയും ഇവിടെ പുതിയ ജില്ലാ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടേക്കു പാഞ്ഞെത്തിയ ഒരു വിഭാഗം വ്യാപാരികളെ തുരത്താൻ പോലീസ് ലാത്തിവീശി. മണിക്കൂറുകളോളം ഒറ്റപ്പാലം - ചെർപ്പുളശേരി റോഡും പരിസരവും സംഘർഷത്തിന്റെ മുൾമുനയിലായിരുന്നു.
മാസങ്ങളായി വ്യാപാരി വ്യവസായി ജില്ലാ ഘടകത്തിനുള്ളിൽ നിലനിന്നിരുന്ന പടലപ്പിണക്കങ്ങളാണ് അവസാനം പൊട്ടിത്തെറിയിലേക്ക് എത്തിച്ചേർന്നത്. അട്ടപ്പാടി യൂണിറ്റ് പ്രസിഡന്റായ വി.എം. ലത്തീഫിനെയാണ് പുതിയ ജില്ലാ പ്രസിഡന്റായി ടി. നസിറുദീൻ പ്രഖ്യാപിച്ചിരിക്കുന്നത്.