എംജി യൂണിവേഴ്സിറ്റി മാർക്ക് വിവാദം: വിസിയും രജിസ്ട്രാറും മറുപടി നൽകി
Sunday, October 20, 2019 12:56 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി മാർക്ക്ദാന വിവാദത്തിൽ വൈസ് ചാൻസലറും രജിസ്ട്രാറും വിശദീകരണങ്ങൾക്കു മറുപടി നൽകി. വൈസ് ചാൻസലറോടു ഗവർണറും രജിസ്ട്രാറോട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുമാണു വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. കത്ത് നൽകിയ വൈസ് ചാൻസലർ പ്രഫ.സാബു തോമസ് സ്പെയിനിലേക്കു തിരിച്ചു.
യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് നൽകിയ അംഗത്വം സ്വീകരിക്കുന്നതിനാണ് മാൻഡ്രിഡിലേക്കു പോയത്. മോഡറേഷൻ നൽകാൻ ഇടയായ സാഹചര്യങ്ങൾ വിശദീകരിച്ചു വൈസ് ചാൻസലർ മറുപടി നൽകിയപ്പോൾ, സിൻഡിക്കറ്റിനുണ്ടായ വീഴ്ച എടുത്തുപറയാതെ പരീക്ഷ മാനുവലിൽ പറയുന്ന വകുപ്പുകൾ അധികവും ചേർത്ത കത്താണു രജിസ്ട്രാർ കൈമാറിയതെന്നാണു വിവരം. മാനുഷിക പരിഗണനയും വിദ്യാർഥികളുടെയും ഭാവിയും പരിഗണിച്ച് 55 സെമസ്റ്ററുകളിൽ ഒന്നിൽ മാത്രം തോറ്റവർക്കു മോഡറേഷൻ നൽകുകയായിരുന്നുവെന്നാണു വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നത്.
കാലിക്കറ്റ് സർവകലാശാലയിലും സമാന തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാർഥികളിൽ പലർക്കും ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും വായ്പ എടുത്തവർ ഏറെയായിരുന്നെന്നും രണ്ട് അപേക്ഷകൾ ലഭിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു താത്പര്യങ്ങളൊന്നും സർവകലാശാലയ്ക്ക് ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഫലപ്രഖ്യാപനത്തിനു ശേഷം അധികമാർക്കു നൽകിയതു തെറ്റാണെന്നും മാർക്ക് കൂട്ടിനൽകാൻ സിൻഡിക്കറ്റിനു നേരിട്ട് അധികാരമില്ലെന്നുമാണു രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫ.സാബുക്കുട്ടൻ നൽകിയ റിപ്പോർട്ടിൽ പറയുന്നതെന്നാണു സൂചന. നിരവധി പേർ മോഡറേഷൻ ആവശ്യപ്പെട്ടിരുന്നുവെന്ന വാദവും റിപ്പോർട്ട് ഖണ്ഡിക്കുന്നു. രണ്ടു പേർ മാത്രമാണു അപേക്ഷ നൽകിയിരുന്നതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ആദ്യത്തെ ഒന്നും രണ്ടാമത്തെയാൾ രണ്ടും മാർക്കാണ് ആവശ്യപ്പെട്ടിരുന്നത്. അനുവദിച്ചത് അഞ്ചു മാർക്കാണ്. ഇതിനു കാലാവധി രേഖപ്പെടുത്തിയിരുന്നുമില്ല
ഡീൻ കമ്മിറ്റിയുടെ നിർദേശപ്രകാരം അക്കാദമിക് കൗണ്സിൽ അനുവദിക്കുന്ന മുറയ്ക്കു സിൻഡിക്കറ്റിനു തീരുമാനമെടുക്കാമെന്നാണു സർവകലാശാല നിയമം. പാസ് ബോർഡിനു മാത്രമാണു അധികമാർക്കു നൽകാനുള്ള അധികാരമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാവിലെയാണു റിപ്പോർട്ട് നൽകിയത്. ഇതിനു മുന്നോടിയായി രജിസ്ട്രാർ നിയമോപദേശം തേടിയിരുന്നു.
ജോമി കുര്യാക്കോസ്