സർക്കാർ നടപടി നിയമവിരുദ്ധം
Tuesday, January 21, 2020 12:42 AM IST
തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിതിരേ തന്നെ അറിയിക്കാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
സർക്കാരിന്റെ വിശദീകരണവും തൃപ്തികരമല്ല. അടുത്ത നടപടി എന്താകുമെന്നു ചോദിച്ചപ്പോൾ, അതിപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും എന്നാൽ രാജ്യത്തെ ഭരണഘടനാസംവിധാനത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയത് സംസ്ഥാന നിയമസഭ തന്നെ പാസാക്കിയ നിയമങ്ങൾക്കു വിരുദ്ധമാണ്.
നടപടിച്ചട്ടങ്ങളിലെ 119-ാം വകുപ്പനുസരിച്ച് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടല്ലാത്ത ഒരു വിഷയത്തിലും നിയമസഭ ചർച്ച ചെയ്യാൻ പാടില്ല. നമ്മൾ നിർമിക്കുന്ന നിയമവും ചട്ടവും നാം തന്നെ ലംഘിക്കരുത്.
ജനാധിപത്യത്തിൽ വ്യക്തിസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്നുണ്ട്. എന്നാൽ അവകാശം നിയമങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ല. ചട്ടങ്ങളും നിയമങ്ങളും പാലിച്ചേ മതിയാവൂ. സംസ്ഥാനത്ത് ഭരണവ്യവസ്ഥ ഉറപ്പുവരുത്താൻ പരമാവധി ശ്രമിക്കും. കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ സുപ്രീംകോടതിയിൽ പോകുന്നതിന് ഗവർണറുടെ അനുമതി വാങ്ങണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 166-ൽ മൂന്നാം വകുപ്പിൽ കൃത്യമായി പറയുന്നുണ്ട്. 34-ാം വകുപ്പിലെ വ്യവസ്ഥകളും ഇക്കാര്യം വ്യക്തമാക്കുന്നു.
ഇനി, തന്നെ അറിയിച്ചാൽ മതിയെന്ന വാദഗതി മുഖവിലയ്ക്കെടുത്താലും അതുമുണ്ടായിട്ടില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുള്ള ഏതു വിഷയമായാലും അക്കാര്യത്തിൽ കൈക്കൊള്ളുന്ന നടപടി മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിച്ചിരിക്കണം. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമല്ല. ഇതിൽ ഈഗോ ക്ലാഷിന്റെ പ്രശ്നമില്ല.
ഗവർണർ പദവി തന്നെ എടുത്തുകളയേണ്ടതാണെന്ന സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിമർശനത്തെ ഗവർണർ പരിഹസിച്ചു. അതിന് ഇപ്പോൾ സാഹചര്യമില്ല. സിപിഎമ്മിന് അതു സാധിക്കാനുള്ള സാഹചര്യമുണ്ടാവുന്പോൾ ചെയ്യട്ടെ. യെച്ചൂരി കഴിഞ്ഞ ദിവസം വിമർശിച്ചപ്പോഴും തന്റെ നിലപാടിൽ തെറ്റു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗവർണർ പറഞ്ഞു.