ഗായകന് തോപ്പില്‍ ആന്റോ അന്തരിച്ചു
Sunday, December 5, 2021 1:10 AM IST
കൊച്ചി/കളമശേരി: സിനിമ-നാടക ഗാനങ്ങളിലൂടെ മലയാളികളുടെ ഇഷ്ടഗായകനും സംഗീത സംവിധായകനുമായ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ ഇന്നലെ വൈകുന്നേരം 5.55 നായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
1956-57 കാലഘട്ടത്തില്‍ നാടക-പിന്നണി ഗാനരംഗത്തേക്കു കടന്നു. ഗാനമേളകളിലും തിളങ്ങി. ഫാദർ ഡാമിയൻ എന്ന ചിത്രത്തിലെ "പിന്നില്‍നിന്നു വിളിക്കും കുഞ്ഞാടുകള്‍ തന് വിളികേള്‍ക്കാതെ എങ്ങുപോണു’ ആണ് ആദ്യ ഗാനം. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി, റാഗിംഗ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.
"ഹണി ബീ 2' വിലാണ് അവസാനമായി പാടിയത്.ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതവും നിര്‍വഹിച്ചു. ഭാര്യ: പരേതയായ ട്രീസ. മക്കള്‍: മെറ്റില്‍ഡ സെബാസ്റ്റ്യന്‍, പ്രേം സാഗര്‍ (ആന്റി ജോര്‍ജ് ), ഗ്ലാന്സിന്, മേരിദാസ്. മരുമക്കള്‍: ജോളി പ്രേംസാഗര്‍, ലീന ഗ്ലാന്സിന്, ബെറ്റി മേരിദാസ്, പരേതനായ സെബാസ്റ്റ്യന്‍.