ലോകായുക്ത ഓർഡിനൻസ്: എജിയുടെ നിയമോപദേശ പ്രകാരമെന്നു കോടിയേരി
Wednesday, January 26, 2022 2:28 AM IST
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ പിന്തുണച്ചു സിപിഎം. രാജ്യത്തു മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥകളാണു കേരളത്തിലുള്ളത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മന്ത്രിയെ പുറത്താക്കാൻ കഴിയുന്ന നിയമം കേരളത്തിൽ മാത്രമാണുള്ളത്. ലോകായുക്തയ്ക്കു മേൽ അപ്പീൽ അധികാരവുമില്ല. സർക്കാരിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റു യോഗത്തിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എജിയുടെ നിയമോപദേശ പ്രകാരമാണു ലോകായുക്ത ഭേദഗതി ഓർഡിനൻസിനു സർക്കാർ തീരുമാനമെടുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എജി ഇങ്ങനെയൊരു നിയമോപദേശം നൽകിയത്. അല്ലാതെ തിടുക്കപ്പെട്ടെടുത്ത തീരുമാനമല്ല. നിയമസഭ ചേരുന്പോൾ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ചെയ്യാൻ അവസരമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കുന്നതിനെ സംബന്ധിച്ചു പാർട്ടി ആലോചിച്ചിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരേ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്താൽ മതിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.