കലാമണ്ഡലത്തിൽ ഡിജെ പാർട്ടി!
Friday, February 3, 2023 4:47 AM IST
തൃശൂർ: നിള ഫെസ്റ്റിനു ശേഷം കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ നടന്ന ഡിജെ പാർട്ടി വിവാദത്തിൽ. 31നു പുലർച്ചെ മൂന്നുവരെയാണ് ഡിജെ ആഘോഷം നടന്നത്. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. നിള ഫെസ്റ്റ് അവസാനിച്ചശേഷം ഉദ്യോഗസ്ഥരും ഒരുകൂട്ടം വിദ്യാർഥികളും ചേർന്നാണു ഡിജെ പാർട്ടി സംഘടിപ്പിച്ചതെന്നാണു വിവരം. പ്രശസ്തമായ കലാമണ്ഡലം കൂത്തന്പലത്തിലും പരിസരത്തും വച്ചാണു സംഭവം നടന്നത്.
അതിനിടെ പോലീസിന്റെ അനുമതി ഇല്ലാതെയാണ് ഇത്തരത്തിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചതെന്നും ആരോപണമുയരുന്നുണ്ട്. ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് ആഘോഷം സംഘടിപ്പിച്ചത്. കേരളത്തിലെ ശാസ്ത്രീയ കലകൾ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ ആദ്യ സംഭവമാണിത്. ഗുരുകുല ശൈലിയിലാണ് ഇവിടത്തെ കലാപഠനം. ഇതെല്ലാംകൊണ്ടുതന്നെ ഒരു വിഭാഗം അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ഇതുസംബന്ധിച്ച് മുറുമുറുപ്പ് ഉയർന്നിരിക്കുകയാണ്.
അടുത്തിടെ കേരള കലാമണ്ഡത്തിന്റെ സ്ഥാനത്തുനിന്ന് സർക്കാർ ഗവർണറെ നീക്കിയിരുന്നു. പകരം നർത്തകിയായ മല്ലിക സാരാഭായിയെ നിയമിച്ചു. ഇതിലും ഡീൻ നിയമനത്തിലും കലാമണ്ഡലത്തിന്റെ ഉള്ളിലും പുറത്തും വ്യാപകമായ ഭിന്നിപ്പുണ്ട്. മല്ലിക സാരാഭായിയെ കൊണ്ടുവന്നതിൽ രാഷ്ട്രീയമായ എതിർപ്പുമുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഒരുവിഭാഗം കലാകാരന്മാർ സാംസ്കാരിക വകുപ്പുമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും അറിയുന്നു.