കർണാടക: കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ 72 എംഎൽഎമാർ പങ്കെടുത്തു
Thursday, May 30, 2019 1:39 AM IST
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ നിലനിർത്താനായി ശ്രമങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. ഇന്നലെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ 72 എംഎൽഎമാർ പങ്കെടുത്തു.
വിമത എംഎൽഎമാരായ രമേഷ് ജാർക്കിഹോളിയും ആർ. റോഷൻ ബെയ്ഗും വിട്ടുനിന്നു. രാമലിംഗ റെഡ്ഡി, ബിരാതി ബാസവരാജ് എന്നിവർ അനുമതിയോടെയാണു വിട്ടുനിന്നത്. തങ്ങൾ ഒറ്റക്കെട്ടാണെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപി വിഡ്ഢികളാകുമെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടത്തു. കെ.സി. വേണുഗോപാൽ ഇന്നലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ചർച്ച നടത്തി. കെ. ഗണേഷ് എംഎൽഎയുടെ സസ്പെൻഷൻ പിൻവലിക്കാനും ധാരണയായി. ബംഗളൂരുവിലെ റിസോർട്ടിൽവച്ച് കോൺഗ്രസ് എംഎൽഎയായ ആനന്ദ് സിംഗിനെ മർദിച്ചതിനായിരുന്നു ഗണേഷിനെ സസ്പെൻഡ് ചെയ്തത്.
രമേഷ് ജാർക്കിഹോളി ബിജെപിയിലേക്കു പോകുമെന്നാണു സൂചന. കോൺഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമർശനമുയർത്തിയ റോഷൻ ബെയ്ഗും വിമതനായി നിലകൊള്ളുകയാണ്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചർച്ചസ നടത്താൻ ഇന്നു മുതിർന്ന നേതാക്കൾ യോഗം ചേരുമെന്നു കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.