കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ എതിരില്ലാതെ രാജ്യസഭയിലേക്ക്
Saturday, June 29, 2019 12:45 AM IST
പാറ്റ്ന: കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ ബിഹാറിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റാണു പസ്വാനു ലഭിച്ചത്. 1960കളിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പസ്വാൻ ഇതു രണ്ടാം തവണയാണു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
ഒഡീഷയിൽനിന്നു രണ്ടു ബിജെഡി അംഗങ്ങളായ അമർ പട്നായിക്, സസ്മിത് പത്ര, ബിജെപി അംഗം അശ്വിനി വൈഷ്ണവ് എന്നിവർ എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അശ്വിനി വൈഷ്ണവിനു ബിജെഡിയുടെ പിന്തുണയുണ്ടായിരുന്നു.