ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി 17 വരെ നീട്ടി
Saturday, September 14, 2019 12:12 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി ഈ മാസം 17 വരെ നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക കോടതിയുടെ നടപടി.
കസ്റ്റഡി നീട്ടിയെങ്കിലും ശിവകുമാറിന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഇഡിക്കു നിർദേശം നൽകി. ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ അടക്കം 300ൽ അധികം ബാങ്ക് അക്കൗണ്ടുകളും 800 കോടിയിലേറെ ബിനാമി ഇടപാടുകളുമുണ്ടെന്നാണ് ശിവകുമാറിനെതിരേ എൻഫോഴ്സ്മെന്റ് ഇന്നലെ ചൂണ്ടിക്കാട്ടിയത്. 23 വയസുള്ള മകൾക്കു മാത്രം 108 കോടി രൂപയുടെ സന്പാദ്യമുണ്ടെന്നും ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എൻഫോഴ്സ്മെന്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
എന്നാൽ, തെളിവുകളില്ലാതെ ഇഡി ആരോപണമുന്നയിക്കുകയാണെന്നും ഡൽഹിയിലെ കർണാടക ഹൗസ് പോലും ശിവകുമാറിന്േറതാണെന്നാണ് വാദിക്കുന്നതെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി മറുവാദം ഉന്നയിച്ചു.
കടുത്ത രക്തസമ്മർദ്ദത്തിനിടയിലും ചോദ്യം ചെയ്യൽ തുടരുന്നത് നീതി നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ ലഭിക്കാത്ത എന്തു തെളിവാണ് ഇനിയുള്ള അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുകയെന്നു കോടതി ഇടയ്ക്ക് ചോദ്യമുന്നയിച്ചു. ഇതിനു ചില കൂട്ടുപ്രതികളെ കൂട്ടിനിർത്തി ചോദ്യം ചെയ്യാനുണ്ടെന്ന് ഇഡി മറുപടി നൽകി. ഇതേ തുടർന്ന് അഞ്ച് ദിവസം കസ്റ്റഡി നീട്ടാൻ കോടതി ഉത്തരവിടുകയായിരുന്നു.