പലിശ നിരക്കിൽ മാറ്റമില്ല
Thursday, April 8, 2021 1:26 AM IST
മുംബൈ: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഈ വർഷത്തെ ആദ്യ പണവായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. തുടർച്ചയായ അഞ്ചാം തവണയാണു നിരക്കുകളിൽ മാറ്റം വരുത്താതെ പണവായ്പാ നയം പ്രഖ്യാപിക്കുന്നത്.
2021-22 സാന്പത്തികവർഷം രാജ്യം 10.5 ശതമാനം വളർച്ച നേടുമെന്നു പ്രതീക്ഷിക്കുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം, പണപ്പെരുപ്പ നിരക്ക് ഉയരുന്നതു വെല്ലുവിളിയാണെന്ന് ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തി.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള സാന്പത്തികാഘാതത്തിൽനിന്നു സന്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണു നിരക്കുകളിൽ മാറ്റം വരുത്താത്തതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അറിയിച്ചു. അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതും വിവിധയിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതും സന്പദ്ഘടനയ്ക്കു വെല്ലുവിളിയാണ്.