സുരക്ഷ ഉറപ്പാകുംവരെ ശ്രീലങ്കയിലെ പള്ളികളിൽ പരസ്യ ദിവ്യബലി നിർത്തി
Friday, April 26, 2019 1:17 AM IST
കൊളംബോ: ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ പരസ്യ ദിവ്യബലി താത്കാലികമായി നിർത്തിവയ്ക്കാൻ ശ്രീലങ്കയിലെ കത്തോലിക്കാസഭ തീരുമാനിച്ചു. സുരക്ഷാ സാഹചര്യം മെച്ചപ്പെടും വരെ പള്ളികളിൽ പരസ്യ ദിവ്യബലി ഉണ്ടാവില്ലെന്നു കൊളംബോയിലെ കർദിനാൾ രഞ്ജിത് മാൽക്കത്തെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഈസ്റ്റർദിനത്തിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ രണ്ടെണ്ണം കത്തോലിക്കാ ദേവാലയങ്ങളിലായിരുന്നു. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും നെഗോംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും. ബട്ടിക്കലാവോയിലെ സിയോൻ പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്നു ഹോട്ടലുകളിലുമായിരുന്നു മറ്റ് ആക്രമണങ്ങൾ. ചാവേർ ആക്രമണങ്ങളിൽ 359 പേർ കൊല്ലപ്പെട്ടു.
ഇന്ത്യയിൽനിന്നു 17 ദിവസം മുന്പേ കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും ശ്രീലങ്കൻ അധികൃതർ ഭീകരാക്രമണത്തിനെതിരേ ജാഗ്രത പുലർത്തിയില്ല. ദേവാലയങ്ങൾക്കു സൂചന പോലും നല്കിയില്ല. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ചു സുരക്ഷിതത്വം ഉറപ്പാക്കാൻ കർദിനാൾ രഞ്ജിത് ലങ്കയിലെ ഭരണ-പ്രതിപക്ഷങ്ങളോട് അഭ്യർഥിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള കിടമത്സരം ഭരണത്തെ ബാധിക്കുന്നുണ്ട്. ദേശീയ സുരക്ഷാ കൗൺസിലിൽ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും സിരിസേന ഉൾപ്പെടുത്തിയിട്ടില്ല.
ഭീകരാക്രമണത്തോടുള്ള സർക്കാർ പ്രതികരണത്തിൽ പരക്കെ എതിർപ്പുണ്ട്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ സർക്കാർ രാജിവയ്ക്കേണ്ടിവരുമായിരുന്നു എന്നാണു ഫീൽഡ് മാർഷൽ ശരത് ഫോൺസെക പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗങ്ങളെ ദുർബലമാക്കിയതിനു ഭരണ-പ്രതിപക്ഷങ്ങളെ മുൻ സേനാനായകൻ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ കൗൺസിലിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇല്ലാത്തതിനെ അദ്ദേഹം വിമർശിച്ചു. ദേശരക്ഷയേക്കാൾ ചൂതാട്ടത്തെയും കുതിരപ്പന്തയത്തെയും പറ്റി അറിയാവുന്നവരാണു സുരക്ഷാ കൗൺസിലിൽ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.