ആശങ്ക ജനിപ്പിച്ച് കിമ്മിന്റെ കുതിരസവാരി
Thursday, October 17, 2019 1:37 AM IST
പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ വെള്ളക്കുതിരപ്പുറത്ത് പയേക്തു മലകയറുന്ന ചിത്രങ്ങൾ പുറത്തുവന്നു. കിമ്മിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള വിശുദ്ധ മലയാണിത്. നാലായിരം വർഷംമുന്പ് കൊറിയൻ രാജവംശം കെട്ടിപ്പടുത്ത ഡാൻഗുൻ വസിച്ചത് ഈ അഗ്നിപർവത മലയിലാണെന്നാണ് ഐതിഹ്യം.
കാട്ടിലും മഞ്ഞുമൂടിയ പ്രദേശങ്ങളിലും കിം കുതിരയെ ഓടിക്കുന്നത് ഫോട്ടോയിൽ കാണാം. ഇതിനുമുന്പ് മൂന്നു തവണ കിം 2750 മീറ്റർ ഉയരമുള്ള ഈ മലയിൽ കയറിയിട്ടുണ്ട്. ഒാരോ തവണയും സുപ്രധാന പ്രഖ്യാപനങ്ങളും ഇതോടനുബന്ധിച്ചുണ്ടായി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണക്കാര്യം ഇത്തരമൊരവസരത്തിലാണു പ്രഖ്യാപിച്ചത്.
കിം കുതിരപ്പുറത്ത് പയേക്തു മലകയറിയത് കൊറിയൻ വിപ്ലവത്തിലെ സുപ്രധാന ഏടാണെന്ന് ഇന്നലെ ചിത്രം പുറത്തുവിട്ട് കെസിഎൻഎ വാർത്താ ഏജൻസി പറഞ്ഞു. മലമുകളിൽ കിം ചിന്താനിമഗ്നനായി. കൊറിയൻ വിപ്ലവത്തെ മുന്നോട്ടു നയിക്കുന്നതും ലോകത്തെ അദ്ഭുതപ്പെടുത്തുന്നതുമായ മഹത്തായ ഓപറേഷൻ ഉടൻതന്നെ ഉണ്ടാകുമെന്നാണ് കിമ്മിന്റെ ധ്യാനത്തിനു സാക്ഷ്യം വഹിച്ച ഉദ്യോഗസ്ഥൻ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മഹത്തായ ഓപറേഷൻ എന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല. ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ വൈകാതെ പ്രഖ്യാപിച്ചേക്കും.