ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Tuesday, April 27, 2021 12:15 AM IST
ലോസാഞ്ചലസ്: കൊവിഡ് മഹാമാരിക്കിടെയുള്ള ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ ചരിത്രംകുറിച്ച് അമേരിക്കൻ ഡ്രാമ ചിത്രമായ ‘നൊമാഡ്ലാൻഡ്’. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനു പുറമേ ‘നൊമാഡ്ലാൻഡി’ലൂടെ ക്ലോയി ഷാവോ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. പതിനൊന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണു മികച്ച സംവിധാനത്തിനുള്ള ഓസ്കർ പുരസ്കാരം ഒരു വനിതയ്ക്കു ലഭിക്കുന്നത്. മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ നേടുന്ന ആദ്യ ഏഷ്യൻ വംശജയെന്ന നേട്ടവും ക്ലോയി ഷാവോ സ്വന്തമാക്കി.
ഹോളിവുഡിലെ ഏറ്റവും വർണാഭമായ ചടങ്ങുകളിലൊന്നായ ഓസ്കാർ പുരസ്കാരദാനം കോവിഡ് നിയന്ത്രണങ്ങളോടെയാണു പൂർത്തിയായത്. ലോസാഞ്ചലസിലെ യൂണിയൻ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ നടിനടന്മാരുടെ പതിവ് ആഹ്ലാദപ്രകടനങ്ങളും ഉണ്ടായില്ല.
‘ദി ഫാദർ’ എന്ന സിനിമയിലെ ഡിമെൻഷ്യ ബാധിച്ച വയോധികന്റെ വേഷത്തിലൂടെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം ആന്റണി ഹോപ്കിൻസ് നേടി. 83 കാരായ നടൻ പുരസ്കാരദാന ചടങ്ങിന് എത്തിയിരുന്നില്ല. ‘നൊമാഡ് ലാൻഡി’ലൂടെ ഫ്രാൻസസ് മക്ഡോർമെൻഡ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരം ദക്ഷിണകൊറിയൻ നടി യൂൻ യോ ജുംഗിനാണ്. ചിത്രം മിനാരി. ഫൈറ്റ് ഫോർ യു ആണ് മികച്ച ഗാനം. ജൂഡാസ് ആൻഡ് ദി ബ്ലാക്ക് മിശിഹ എന്ന ചിത്രത്തിലാണിത് ഉൾപ്പെടുത്തിയിരിക്കുന്നത്.
മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്കാരം ‘മാൻക്’ സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡൊണാൾഡ് ഗ്രഹാം ബർട്ട്, ജാൻ പാസ്കേൽ എന്നിവർ പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം സ്വീകരിച്ചു.
എറിക് മെസ്സെർസ്മിഡ് ആണ് മികച്ച ഛായാഗ്രാഹകൻ. പുരസ്കാര ദാനത്തിനു മുന്പ് മണ്മറഞ്ഞുപോയ പ്രതിഭകൾക്ക് ഓസ്കർ അക്കാദമി ആദരമർപ്പിച്ചു. ഇന്ത്യയിൽ നിന്നും ഭാനു അത്തയ്യയും ഇർഫാൻ ഖാനും പ്രതിഭാപട്ടികയിൽ ഉണ്ടായിരുന്നു.