ബ്ലാസ്റ്റേഴ്സ് വനിതാ ടീം നിർജീവം
Wednesday, June 7, 2023 12:49 AM IST
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വനിതാ ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ച് കേരള ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ ഐഎസ്എലില്‍ ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ കളം വിട്ടതിനു ബ്ലാസ്റ്റേഴ്സ് ടീമിന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നാലു കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരേ നല്കിയ അപ്പീല്‍ തള്ളിയതോടെ കോടികള്‍ ബ്ലാസ്റ്റേഴ്സ് പിഴയടക്കേണ്ട സാഹചര്യം വന്നതിനാലാണ് കഴിഞ്ഞ സീസണില്‍ രൂപീകരിച്ച വനിതാടീമിനെ പിരിച്ചുവിടുന്നതായി മാനേജ്മെന്റ് അറിയിച്ചത്.
അതേസമയം പുരുഷ ടീമിന് പിഴ ചുമത്തിയതിന് വനിതാ ടീമിനെ പിരിച്ചുവിടുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ അതിഥി ചൗഹാന് ട്വീറ്റ് ചെയ്തു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരേ ആരാധകരുടെ ഔദ്യോഗിക ഗ്രൂപ്പായ മഞ്ഞപ്പടയും സമൂഹമാധ്യമത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വലിയ ആഘോഷത്തോടെ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രഖ്യാപനം നടത്തിയത്. കേരള വുമണ്‍സ് ലീഗില്‍ അരങ്ങേറിയ ടീം മൂന്നാം സ്ഥാനത്തെത്തിയിരുന്നു.