വാടക ഗർഭധാരണത്തിലെ കച്ചവടത്തിനു നിരോധനം
Wednesday, August 24, 2016 2:02 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഇന്ത്യയിൽ വാണിജ്യാടിസ്‌ഥാനത്തിൽ വാടക ഗർഭധാരണം (സറോഗസി) നിരോധിക്കുന്ന കരടു ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇനി മുതൽ നിയന്ത്രിത വാണിജ്യേതര ഗർഭധാരണമേ രാജ്യത്ത് അനുവദിക്കൂ. ചട്ടങ്ങൾ ലംഘിച്ചാൽ പത്തു വർഷം വരെ തടവു ശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്ത ശീതകാല സമ്മേളനത്തിൽ പാർലമെന്റിലെത്തും. വാടക ഗർഭധാരണം നടത്തുന്ന അമ്മമാർക്കും ഇതിലൂടെ ജനിക്കുന്ന കുട്ടികൾക്കും സംരക്ഷണം ഉറപ്പു വരുത്തുന്ന പുതിയ വ്യവസ്‌ഥകളാണു കരടു ബില്ലിലുള്ളത്.

വിവാഹശേഷം അഞ്ചു വർഷം പൂർത്തിയായ കുട്ടികളില്ലാത്ത ദമ്പതികൾക്കേ വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാൻ കഴിയൂ. ഏതെങ്കിലും അടുത്ത ബന്ധുക്കൾക്കു മാത്രമേ ഇത്തരത്തിൽ വാടക ഗർഭധാരണം നടത്താനാകൂ എന്നാണു പുതിയ വ്യവസ്‌ഥ. എന്നാൽ, അടുത്ത ബന്ധുക്കൾ ആരെല്ലാം ആയിരിക്കണം എന്നതിൽ കരടു ബില്ലിൽ വ്യക്‌തതയില്ല. ഇത്തരത്തിൽ ഗർഭധാരണം നടത്തുന്ന ബന്ധുക്കൾക്ക് ആശുപത്രി ചെലവുകൾ മാത്രമേ നൽകാവൂ എന്നും പുതിയ നിയമത്തിൽ വ്യവസ്‌ഥ ചെയ്യുന്നു. പരോപകാര വാടക ഗർഭധാരണം (അൽട്രൂയിസ്റ്റിക് സറോഗസി) എന്നാണിതിനു പറയുന്നതെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് വ്യക്‌തമാക്കി.

വിദേശികൾക്കോ വിദേശത്തു സ്‌ഥിരതാമസമാക്കിയ ഇന്ത്യാക്കാർക്കോ ഇന്ത്യയിൽനിന്നു വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാൻ കഴിയില്ല. വാടക ഗർഭധാരണത്തിൽ ജനിക്കുന്ന കുട്ടികൾ ‘ഭിന്നശേഷിയുള്ളവരാണെങ്കിൽ ഉപേക്ഷിച്ചു പോകുന്ന കേസുകളും പൗരത്വ പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി. വാടക ഗർഭധാരണം നടത്തുന്ന സ്ത്രീകൾക്കു കൂടി സംരക്ഷണം നൽകുന്ന കരടു ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചു പാസായാൽ നിയമം നിലവിൽ വരും. അതോടെ, പ്രത്യേക ഭരണഘടനാ പദവിയുള്ള ജമ്മു കാഷ്മീരിലൊഴികെ മറ്റെല്ലായിടത്തും ഈ ബില്ലിലെ വ്യവസ്‌ഥകൾ ബാധകമായിരിക്കും. രാജ്യത്ത് പുതിയ സറോഗസി ക്ലിനിക്കുകൾക്ക് അനുമതി നൽകില്ല. ഇതുസംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ ദേശീയ സംസ്‌ഥാന തലത്തിൽ പുതിയ ബോർഡുകൾക്കു രൂപം നൽകും. വാടക ഗർഭധാരണം നിയമവിധേയമാക്കാനും സുതാര്യമാക്കാനും വേണ്ടിയാണു കർക്കശ വ്യവസ്‌ഥകൾ ഏർപ്പെടുത്തുന്നതെന്നാണു കേന്ദ്ര സർക്കാർ വിശദീകരണം.


വിദേശികൾക്കായി മനുഷ്യ ഭ്രൂണം ഇറക്കുമതി ചെയ്യുന്നതു പൂർണമായി നിരോധിക്കും. അതേസമയം, ഗവേഷണ ആവശ്യങ്ങൾക്കു ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് തടയില്ലെന്നും മന്ത്രി വ്യക്‌തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വാണിജ്യ മന്ത്രി നിർമല സീതാരാമൻ, ‘ഭക്ഷ്യ സംസ്കരണ മന്ത്രി ഹർ സിമ്രത് കൗർ ബാദൽ എന്നിവരുൾപ്പെട്ട മന്ത്രിമാരുടെ സമിതിയാണു കരടു ബിൽ തയാറാക്കി കാബിനറ്റിൽ വച്ചത്.

വാടക ഗർഭധാരണത്തിന്റെ പേരിൽ വാണിജ്യാടിസ്‌ഥാനത്തിൽ രാജ്യത്തിന്റെ പല സ്‌ഥലങ്ങളിലും പാവപ്പെട്ട സ്ത്രീകൾ വൻതോതിൽ ചൂഷണം ചെയ്യപ്പെടുന്ന സ്‌ഥിതിയാണുള്ളത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സറോഗസിക്കുള്ള അയഞ്ഞ നിയമങ്ങൾ കൂടുതൽ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും ക്രമേണ ഇതു വാണിജ്യവത്കരണത്തിന്റെ പാതയിലേക്കു മാറുന്നതിനും ഇടയാക്കിയിരുന്നു. 228–ാമതു ലോ കമ്മീഷൻ റിപ്പോർട്ടിലും രാജ്യത്തു വാണിജ്യാടിസ്‌ഥാനത്തിലുള്ള വാടക ഗർഭ’ധാരണം നിരോധിക്കണമെന്നു നിർദേശിച്ചിരുന്നു.


<ആ>കരടു ബില്ലിലെ പ്രധാന വ്യവസ്‌ഥകൾ


പണം നൽകിയുള്ള വാടക ഗർഭധാരണത്തിനു പൂർണ നിരോധനം
പരോപകാരമെന്ന നിലയിൽ അടുത്ത ബന്ധുക്കൾക്കു മാത്രം അവസരം.
അഞ്ചു വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയ വിവാഹിതർക്കു മാത്രം അനുമതി.

ദാമ്പത്യത്തിലൂടെയോ ദത്തിലൂടെയോ കുട്ടികളുള്ളവർക്ക് അനുമതിയില്ല.
കുഞ്ഞുണ്ടാകില്ലെന്ന ആരോഗ്യ അധികൃതരുടെ സാക്ഷ്യപത്രം നിർബന്ധം.
അവിവാഹിതർക്കു കർശന വിലക്ക്.
വിദേശികൾ, വിദേശ ഇന്ത്യാക്കാർ എന്നിവർക്ക് അനുമതിയില്ല.
ലിവിംഗ് ടുഗദർ ബന്ധത്തിലുള്ളവർക്കും സ്വവർഗാനുരാഗികൾക്കും കർശന വിലക്ക്.
ഗർഭധാരണത്തിന് സന്നദ്ധരായവർക്കു പണം നൽകാൻ പാടില്ല.
ആശുപത്രി ചെലവ് മാത്രം വഹിക്കാം.
വാടക ഗർഭധാരണത്തിന് തയാറാകുന്നവർക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം.
പുതിയ സറോഗസി ക്ലിനിക്കുകൾ അനുവദിക്കില്ല.
ദേശീയ, സംസ്‌ഥാന തലത്തിൽ സറോഗസി ബോർഡ് രൂപീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...