ജെഎൻയുവിലെ മാനഭംഗം: നേതാവ് അറസ്റ്റിൽ
ജെഎൻയുവിലെ മാനഭംഗം: നേതാവ് അറസ്റ്റിൽ
Thursday, August 25, 2016 1:05 PM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിൽ ഗവേഷകവിദ്യാർഥിനിയെ മാനഭംഗത്തിന് ഇരയാക്കിയ വിദ്യാർഥിനേതാവ് അൻമോൽ രത്തൻ പോലീസിൽ കീഴടങ്ങി. പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരാതി വന്നതിനു പിന്നാലെ ഐസ (ആൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷൻ) ഡൽഹി സംസ്‌ഥാന ഘടകം മുൻ പ്രസിഡന്റായ അൻമോൽ രത്തനെ സംഘടനയിൽനിന്നു പുറത്താക്കിയിരുന്നു.

ഗവേഷകവിദ്യാർഥിനി ആവശ്യപ്പെട്ട ഒരു സിനിമയുടെ സിഡി തെൻറ പക്കലുണ്ടെന്നും പെൻ ഡ്രൈവുമായി വന്നാൽ പകർത്തി നൽകാമെന്നും പറഞ്ഞു ഹോസ്റ്റൽ മുറിയിൽ വരുത്തുകയും മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. പുറത്തു പറഞ്ഞാൽ, നശിപ്പിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, പോലീസിൽ പരാതി നൽകിയ വിദ്യാർഥിനിക്കു പിന്തുണയുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. ഒളിവിൽ പോയ അൻമോൽ രതൻ പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കീഴടങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.