മുംബൈ ചലച്ചിത്രോത്സവത്തിൽ പാക്കിസ്‌ഥാനി ചിത്രം പ്രദർശിപ്പിക്കില്ല
Monday, October 17, 2016 12:26 PM IST
മുംബൈ: പതിനെട്ടാമത് മുംബൈ ചലച്ചിത്രോത്സവത്തിൽ പാക്കിസ്‌ഥാനി ചിത്രം ജാഗോ ഹുവാ സവേര പ്രദർശിപ്പിക്കില്ല. 1960ലെ ഓസ്കാർ അവാർഡിനു വേണ്ടി പാകിസ്‌ഥാനിൽനിന്നു സമർപ്പിച്ച ചലച്ചിത്രമാണിത്.

റീസ്റ്റോർഡ് ക്ലാസിക്സ് വിഭാഗത്തിലാണ് ഈ ചലച്ചിത്രം ഉൾപ്പെടുത്തിയിരുന്നത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥയുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിലെത്താൻ കാരണമെന്നു മേളയുടെ സംഘാടകർ അറിയിച്ചു. അതേസമയം, ശിവസേനയും സംഘപരിവാർ അനുഭാവ സംഘടനകളും പ്രത്യക്ഷത്തിൽത്തന്നെ പാക്കിസ്‌ഥാൻവിരുദ്ധ നിലപാട് സ്വീകരിക്കുകയും പാക്കിസ്‌ഥാൻ കലാകാരന്മാർ ഇന്ത്യയിൽ വരുന്നതും ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നതു തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൂടാതെ, ചലച്ചിത്രോത്സവത്തിൽ പാക്കിസ്‌ഥനി ചിത്രം ജാഗോ ഹുവാ സവേര പ്രദർശിപ്പിക്കുന്നതിനെതിരേ സംഘർഷ് ഫൗണ്ടേഷൻ എന്ന എൻജിഒ സമരം നടത്തുന്നതിന് അനുമതി തേടി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതും ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിൽനിന്നു പിൻമാറാൻ സംഘാടകരെ പ്രേരിപ്പിച്ചു.


1960ലെ ഓസ്കാർ അവാർഡിനു നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രം ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ കിഴക്കൻ പാകിസ്‌ഥാനിലാണു ചിത്രീകരിച്ചത്.

ഗ്രാമീണരായ മുക്കുവർ മത്സ്യബന്ധന ബോട്ട് സ്വന്തമാക്കുന്നതു സംബന്ധിച്ച സ്വപ്നങ്ങൾ പരസ്പരം വയ്ക്കുന്നതാണുചിത്രം. 20 നാണ് ചലച്ചിത്രോത്സവം തുടങ്ങുക. 1958ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എ.ജെ. കർദാർ ആണ്.

ആഗോളതലത്തിൽ ഭീകര പ്രവർത്തനങ്ങളുടെ പേരിൽ പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്ന പശ്ചാത്തലത്തിൽ പാക്കിസ്‌ഥാൻ ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന് സംഘാടക സമിതി വിലയിരുത്തിയതായി മേളയുടെ സംഘാടകർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.