ഗുജറാത്തിലെ 25 സീറ്റിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്
Saturday, May 4, 2024 2:02 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്. ഗുജറാത്തിനു പുറമെ കർണാടക, മഹാരാഷ്ട്ര, ഗോവ, യുപി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ആസാം, ജമ്മു-കാഷ്മീർ അടക്കം 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിൽ അന്നു പോളിംഗ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ സ്ഥാനാർഥിയായ ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിലെത്തി വോട്ട് ചെയ്യും.
മൂന്നാം ഘട്ടത്തിലെ 94 സീറ്റുകളിലെയും പരസ്യപ്രചാരണം നാളെ വൈകുന്നേരം സമാപിക്കും. കേരളത്തിലേതുപോലെ ഗുജറാത്തിൽ ഒരിടത്തും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആഘോഷങ്ങളില്ല. തലസ്ഥാനമായ അഹമ്മദാബാദ് നഗരത്തിൽപ്പോലും തെരഞ്ഞെടുപ്പിന്റെ ബഹളങ്ങളില്ല.
എന്തിനേറെ, സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള പോസ്റ്ററുകളോ, ബാനറുകളോ, ചുവരെഴുത്തുകളോ എവിടെയും കാണാനില്ല. അഹമ്മദാബാദ്- ഗോദ്ര റൂട്ടിൽ ഉൾപ്പെടെ 350ലേറെ കിലോമീറ്ററുകൾ ഇന്നലെ ഗുജറാത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തിട്ട് ദേശീയപാതകളിൽ പോലും ആകെ അഞ്ച് തെരഞ്ഞെടുപ്പു പ്രചാരണ ബോർഡുകളാണു കണ്ടത്. അതിൽ നാലും മോദി ഗ്യാരന്റി എന്നെഴുതി, മോദിയുടെ വലിയ ഫോട്ടോയും ഉള്ളവയാണ്. ഒരിടത്താണ് കോണ്‍ഗ്രസിന്റെ ബോർഡും കൊടികളും കാണാനായത്.
നരേന്ദ്ര മോദി, അമിത് ഷാ, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാൾ തുടങ്ങിയവരുടെ പ്രചാരണയോഗങ്ങളും സംസ്ഥാന നേതാക്കളും സ്ഥാനാർഥികളും പങ്കെടുക്കുന്ന ചില ചെറുയോഗങ്ങളുമാണ് പ്രധാന പ്രചാരണരീതി.
ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മിക്ക സീറ്റുകളിലും നേരിട്ടുള്ള മത്സരം. ആകെയുള്ള 26 സീറ്റുകളിൽ സൂറത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ കൂട്ടുപിടിച്ച് മത്സരം അട്ടിമറിച്ചതോടെ 25 സീറ്റുകളിലേക്കാണു പോളിംഗ്.