കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
Saturday, July 5, 2025 5:42 AM IST
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. 2022ല്‍ നടന്ന സംഭവത്തിലെ മുഖ്യ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവര്ത്തകന് അബ്ദുൽ റഹ്മാനാണ് എന്‍ഐഎയുടെ പിടിയിലായത്.
ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഖത്തറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അബ്ദുൽ റഹ്മാനുള്‍പ്പെടെ കേസുമായി ബന്ധമുള്ള ആറുപേരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല ചെയ്യപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കട ഉടമയായ പ്രവീണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അബ്ദുൽ റഹ്മാന് ഖത്തറിലേക്ക് കടക്കുകയായിരുന്നു.