മെഡിക്കൽ കോളജ് അപകടം; ബിന്ദുവിന്റെ വീട് മന്ത്രി വീണാ ജോർജ് സന്ദർശിക്കും
Saturday, July 5, 2025 7:47 AM IST
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടിൽ മന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശനം നടത്തിയേക്കും. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തയാറാക്കിയ റിപ്പോർട്ടാണ് സമർപ്പിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിച്ചേക്കും.
അതേ സമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങൾ തുടരും. വിവിധ പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്യു, യുവമോർച്ച തുടങ്ങിയ സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം മുന്നില്‍ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.