"ആരോഗ്യമേഖലയെ താറടിക്കാനുളള മരണവ്യാപാരികളുടെ ആഭാസനൃത്തം കേരളം നിരാകരിക്കും'
Saturday, July 5, 2025 9:31 AM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി മുഖപ്രസംഗം.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിത്തീര്‍ക്കാനുളള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരില്‍ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി നടത്തുന്ന പ്രചാരണാഘോഷങ്ങള്‍ക്കിടെയാണ് കോട്ടയത്തെ ദാരുണ സംഭവമെന്നും ലേഖനം പറയുന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ മറ്റൊരു ഗൂഢാലോചന കൂടിയുണ്ട്. സൗജന്യ ചികിത്സ നല്കുന്ന ആതുരാലയങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം.
മന്ത്രി വീണാ ജോര്‍ജിന്റെ ചോരയ്ക്കായി ദാഹിക്കുന്ന മാധ്യമങ്ങളോടും പ്രതിപക്ഷ നേതാക്കളോടും പറയട്ടെ, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒന്പതുവര്ഷം കൊണ്ട് നേടിയ നേട്ടങ്ങളെ ഇത്തരം ഭീഷണികൊണ്ടും സമരാഭാസം കൊണ്ടും തകര്‍ക്കാനാകില്ല.
ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി കേരളത്തിന്റെ വിശുത്രമായ പൊതുജനാരോഗ്യമേഖലയെ താറടിക്കാനുളള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുക തന്നെ ചെയ്യുമെന്നും പാര്‍ട്ടി മുഖപത്രം വ്യക്തമാക്കി.