ഭീകരൻ മസൂദ് അസർ എവിടെയാണെന്ന് അറിയില്ല: ബിലാവൽ ഭൂട്ടോ
Saturday, July 5, 2025 11:15 AM IST
ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയാണെന്ന് അറിയില്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. അൽജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ബിലാവൽ ഭൂട്ടോ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ തെളിവുനൽകിയാൽ അസറിനെ അറസ്റ്റ് ചെയ്യാൻ പാക്കിസ്ഥാൻ തയാറാണെന്നും ബിലാവൽ പറഞ്ഞു. മസൂദ് അഫ്ഗാനിലുണ്ടെന്നാണ് വിശ്വാസമെന്നും ബിലാവൽ പറഞ്ഞു.
ഇന്ത്യ ഏറ്റവും കൂടുതൽ തെരയുന്ന ഭീകരന്മാരിൽ ഒരാളാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019 ലെ പുൽവാമ ചാവേർ ബോംബാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്മാരിൽ പങ്കുള്ള കൊടുംഭീകരനാണ് മസൂദ്.
2019ൽ ഐക്യരാഷ്ട്രസഭ മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു. 1999ൽ കാണ്ഡഹാർ വിമാനറാഞ്ചലിൽ ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായി ജയിലായിരുന്ന മസൂദിനെ ഇന്ത്യ മോചിപ്പിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടുവെന്ന് മസൂദ് പിന്നീടു പറഞ്ഞിരുന്നു.