"വാന്‍ഹായ് 503' കപ്പലില്‍ വീണ്ടും തീ; കണ്ടെയ്നറുകളില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന് ആശങ്ക
Saturday, July 5, 2025 12:07 PM IST
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച "വാന്‍ഹായ് 503' കപ്പലില്‍ നിന്ന് വീണ്ടും തീ ഉയരുന്നതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു. വെള്ളിയാഴ്ച കപ്പലില്‍ വീണ്ടും തീ കണ്ടതോടെ രക്ഷാദൗത്യങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന നടപടികള്‍ അനിശ്ചിതത്വത്തിലായി. അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.
അതേസമയം, കപ്പലിന്റെ അകത്തെ അറയില്‍ സൂക്ഷിച്ച കണ്ടെയ്നറുകളില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് പറഞ്ഞു. കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉണ്ടെന്നാണ് കരുതുന്നത്.
ഇതിൽ അമോണിയം നൈട്രേറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇത് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. വെളിപ്പെടുത്താത്ത വസ്തുക്കള്‍ വന്നത് കപ്പല്‍ കമ്പനിയുടെ അറിവോടെയല്ലെന്നും സൂചനയുണ്ട്.
തീ വീണ്ടും ഉയര്‍ന്നതോടെ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡിജി ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്.
കപ്പലിനെ നിലവില്‍ വലിച്ചു കൊണ്ടു പോയിരുന്നത് ഓഫ്ഷോര്‍ വാരിയര്‍ ടഗ്ഗാണ്. കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കണ്ടിരുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി. കപ്പലില്‍ 2,500 ടണ്ണോളം എണ്ണയുണ്ടെന്നുള്ള വിവരം വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503ന് തീപിടിച്ചത്. ബേപ്പൂര്‍അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.