ബൈഡന് പുടിന്റെ മറുപടി; അണുവായുധ ഉടമ്പടിയിൽനിന്നും പിന്മാറി റഷ്യ
Tuesday, February 21, 2023 7:29 PM IST
മോസ്കോ: അമേരിക്കൻ പ്രസിന്റ് ജോ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിന് പിന്നാലെ, അണ്വായുധ ഉപയോഗം നിയന്ത്രിക്കാനായി അമേരിക്കയുമായി ചേർന്ന് 2010-ൽ തയാറാക്കിയ "സ്റ്റാർട്ട് ഉടമ്പടി' സസ്പെൻഡ് ചെയ്തെന്ന് റഷ്യ. യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുന്ന വേളയിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തീരുമാനം.
ന്യൂ സ്റ്റാർട്ട് ഉടമ്പടിയിൽനിന്നും റഷ്യ താൽക്കാലികമായി പിന്മാറുകയാണെന്ന് പുടിൻ പറഞ്ഞു. എന്നാൽ കരാറിൽ നിന്ന് പൂർണമായും പിന്മാറിയിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റഷ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തായിരുന്നു പുടിന്റെ പ്രഖ്യാപനം.
അണ്വായുധ പരീക്ഷണങ്ങൾ നടത്താൻ റഷ്യൻ ഏജൻസിയായ റോസാറ്റം സജ്ജമായിരിക്കണമെന്ന് പുടിൻ പറഞ്ഞു. ഒരിക്കലും റഷ്യ ആയിരിക്കില്ല അണ്വായുധ പരീക്ഷണത്തിന് തുടക്കമിടുന്നത്. അമേരിക്ക അണ്വായുധ പരീക്ഷണം നടത്തിയാൽ ഞങ്ങളും സമാന നീക്കം നടത്തും. ലോകത്തെ യുദ്ധതന്ത്ര തുലനാവസ്ഥയിൽ മാറ്റം വരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പുടിൻ പ്രസ്താവിച്ചു.
അണ്വായുധ പരീക്ഷണം നിയന്ത്രിക്കുക, ഈ ആവശ്യത്തിനായുള്ള ബോംബർ വിമാനങ്ങൾ പറക്കുന്നത് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് ഇരുരാജ്യങ്ങളും ചേർന്ന് സ്റ്റാർട്ട് ഉടമ്പടിക്ക് രൂപം നൽകിയത്. ജോ ബെഡൻ അധികാരമേറ്റ ശേഷം ഉടമ്പടിയുടെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ലോകത്തെ 90 ശതമാനം അണ്വായുധങ്ങളും കൈകാര്യം ചെയ്യുന്നത് അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളാണ്. 6,000-ത്തിലേറെ ആണവ പോർമുനകളുള്ള റഷ്യ യുക്രെയ്ൻ യുദ്ധമുഖത്ത് ഇവ പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് രാജ്യാന്തരസമൂഹം.
ഇരുരാജ്യങ്ങളുടെയും അണുവായുധ വിന്യാസത്തിന് പരിധി നിശ്ചയിച്ചുള്ള ഉടമ്പടിയാണ് പുതിയ സ്റ്റാർട്ട് ഉടമ്പടി. 2010ൽ ബൈഡൻ വൈസ് പ്രസിഡന്റായിരിക്കെ പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വെദെവുമാണ് ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിൽ അവശേഷിക്കുന്ന ഏക ആയുധ നിയന്ത്രണ ഉടമ്പടിയാണിത്.
ഉടമ്പടി പ്രകാരം റഷ്യൻ ആണവ കേന്ദ്രങ്ങളുടെ പരിശോധന പുനരാരംഭിക്കുന്നതിന് യുഎസ് പ്രേരിപ്പിക്കുമ്പോൾ തന്നെ ആണവ ശേഷിയുള്ള തന്ത്രപ്രധാനമായ ബോംബറുകളുള്ള റഷ്യൻ വ്യോമതാവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ നാറ്റോ സഖ്യകക്ഷികൾ യുക്രെയ്നെ സഹായിച്ചിട്ടുണ്ടെന്ന് പുടിൻ ആരോപിച്ചു. ഇതിനായി ഉപയോഗിച്ച ഡ്രോണുകൾ നാറ്റോയുടെ വിദഗ്ധ സഹായത്തോടെ നവീകരിച്ചവയാണെന്നും പുടിൻ കുറ്റപ്പെടുത്തി.
യുക്രെയ്ന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളാണ്. യുദ്ധത്തെ പ്രാദേശിക പ്രശ്നം മാത്രമായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ ആഗോള പ്രശ്നമാക്കി. നാറ്റോ തങ്ങളുടെ അതിർത്തി റഷ്യ വരെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരായ പ്രതിരോധമാണ് റഷ്യ നടത്തുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യയുടെ യുദ്ധം യുക്രെയ്ന് എതിരല്ലെന്നും കീവ് ഭരണകൂടത്തിന് എതിരെയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.