ജയിപ്പിക്കണോ വേണ്ടയോ എന്ന് ജനം തീരുമാനിക്കും; ഷംസീറിന് മറുപടിയുമായി ഷാഫി പറമ്പില്‍
Tuesday, March 14, 2023 4:07 PM IST
തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. തെരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിക്കണോ തോൽപ്പിക്കണോ എന്നത് ജനം തീരുമാനിക്കുമെന്ന് ഷാഫി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. മത്സരിച്ചാൽ ഞാൻ ജയിക്കണോ വേണ്ടയോ എന്ന് മണ്ഡലത്തിലെ ജനങ്ങൾ തീരുമാനിക്കും. ആ തീരുമാനത്തിന്റെ പ്രഖ്യാപന അവകാശമൊന്നും ഷംസീറിനെ ആരും ഏൽപ്പിച്ചിട്ടില്ല. സ്പീക്കര്‍ അദ്ദേഹത്തിന്റെ ജോലി നോക്കിയാല്‍ മതിയെന്നും ഷാഫി കൂട്ടിച്ചേർത്തു.
നിയമസഭയിൽ ബ്രഹ്മപുരം സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരേയാണ് സ്പീക്കർ വിവാദ പരാമർശം നടത്തിയത് . എല്ലാവരും നേരിയ മാർജിനിൽ ജയിച്ചവരാണെന്നും അത് മറക്കണ്ടെന്നും അടുത്ത തവണ തോൽക്കുമെന്നും ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ പരാമർശം സഭയിൽ കടുത്ത ബഹളത്തിനിടയാക്കിയിരുന്നു.