ഷംസീറിനും ഉദയനിധിക്കുമെതിരെ പ്രസ്താവനയുമായി പാറമേക്കാവ് ദേവസ്വം
Tuesday, September 5, 2023 11:02 PM IST
തൃശൂർ: വിശ്വാസം സംബന്ധിച്ച പ്രസ്താവനകൾ നടത്തി വിവാദത്തിലായ സ്പീക്കർ എ.എൻ. ഷംസീർ, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവർക്കെതിരെ പരോക്ഷ പ്രസ്താവനയുമായി പാറമേക്കാവ് ദേവസ്വം.
ഇരുനേതാക്കളുടെയും പേരെടുത്ത് പറയാതെ, ഗണപതിയെ മിത്ത് എന്ന് ആരോപിക്കുകയും സനാതനധർമത്തിനെതിരായ പ്രസ്താവന നടത്തുകയും ചെയ്യുന്നവർക്കെതിരെ കടുത്ത ആശങ്കയും പ്രതിഷേധവും അറിയിക്കുന്നുവെന്ന് ദേവസ്വം വ്യക്തമാക്കി.
കോടിക്കണക്കിന് പേരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെന്ന് ഈ നീക്കങ്ങളെന്ന് പറഞ്ഞ ദേവസ്വം, "ഇന്ത്യ'യിലെ മറ്റൊരു നേതാവ് സനാതനധർമത്തിന്റെ ഉന്മൂലനം ആവശ്യപ്പെട്ടതായും പറഞ്ഞു.
സനാതന ധർമ്മത്തിനെതിരെയുള്ള ആഹ്വാനം അർഹിക്കുന്ന അവഗണനയോടെ തളളിക്കളയേണ്ടതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അവരെ നിയന്ത്രിക്കേണ്ടത് അതാത് രാഷ്ട്രീയകക്ഷികളുടെ ചുമതലയാണ്.
ഭാരതത്തിന്റെ നിലനിൽപ്പ് തന്നെ എല്ലാ മനുഷ്യരേയും, നിരീശ്വരവാദികളെപ്പോലും ഒരുപോലെ ഉൾക്കൊള്ളുന്ന സനാതനധർമ്മത്തിന്റെ വെളിച്ചമുൾക്കൊണ്ടാണ്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്തുവാൻ മാത്രമേ സഹായിക്കൂവെന്നും ദേവസ്വം കൂട്ടിച്ചേർത്തു.