സോഫിയയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതം; "അമ്മ'യെ സമീപിച്ച് ഷെയ്ന് നിഗം
Thursday, April 27, 2023 3:08 PM IST
തിരുവനന്തപുരം: സിനിമയിലെ വിലക്കില്‍ താരസംഘടനയായ അമ്മയെ സമീപിച്ച് ഷെയ്ന് നിഗം. നിര്‍മാതാവിന്റെ പരാതിയില്‍ തന്റെ ഭാഗം വിശദീകരിച്ച് അമ്മ സെക്രട്ടറി ഇടവേള ബാബുവിന് ഷെയ്ന് കത്ത് നല്കി.
ചിത്രീകരണം പൂര്‍ത്തിയായ ആര്‍ഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന് ഷെയ്ന് ഇമെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് നിര്‍മാതാവ് സോഫിയ പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയത്. എന്നാല്‍ സോഫിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമെന്നാണ് ഷെയ്നിന്റെ വാദം.
ആര്‍ഡിഎക്സ് സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്ലെല്ലാം ഷെയ്ൻ "അമ്മ'യ്ക്ക് നൽകിയ കത്തില്‍ വിശദീകരണമുണ്ട്. സുപ്രധാന സീനുകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണം താനല്ല.
എഡിറ്റിംഗ് കാണണമെന്ന് താന്‍ ഒരിയ്ക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. ചില പരാതികള്‍ ഉന്നയിച്ചപ്പോള്‍ എഡിറ്റിംഗ് കണ്ടുനോക്കാന്‍ സോഫിയ തന്നോട് നിര്‍ബന്ധിക്കുകയായിരുന്നെന്നും കത്തില്‍ പറയുന്നു.
ഒരു ദിവസം ശാരീരിക അസ്വസ്ഥകള്‍ മൂലം സെറ്റിലെത്താന്‍ വൈകിയതിന് തന്റെ അമ്മയെ ഫോണില്‍ വിളിച്ച് സോഫിയയുടെ ഭര്‍ത്താവ് പോള്‍ മോശമായി സംസാരിച്ചെന്നും കത്തില്‍ ആരോപണമുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണാന്‍ അമ്മ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.