ഐഎസ് നേതാവ് അബു ഹുസൈൻ അൽ ഖുറാഷിയെ വധിച്ചു
Monday, May 1, 2023 12:25 PM IST
അങ്കാറ: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു ഹുസൈൻ അൽ ഖുറാഷിയെ സിറിയയിൽ വെച്ച് തുർക്കി രഹസ്യാന്വേഷണ സേന വധിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. ടിആർടി ടർക്ക് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് എർദോഗൻ ഇക്കാര്യം പറഞ്ഞത്.
രഹസ്യാന്വേഷണ സംഘടന ഖുറാഷിയെ ഏറെക്കാലമായി പിന്തുടരുകയായിരുന്നുവെന്ന് എർദോഗൻ അറിയിച്ചു.
തുർക്കി പിന്തുണയുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള വടക്കൻ സിറിയൻ പട്ടണമായ ജൻദാരിസിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ ജൻദാരിസിന് സമീപം ഏറ്റുമുട്ടൽ നടന്നു. വലിയ സ്ഫോടനശബ്ദം കേട്ടു. പിന്നീട് മേഖല സുരക്ഷാസേന വളഞ്ഞുവെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.
ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഈ മേഖലയിലാണെന്ന് സിറിയൻ പ്രാദേശിക, സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
തെക്കൻ സിറിയയിൽ നടന്ന ഓപ്പറേഷനിൽ മുൻ ഐഎസ് നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് 2022 നവംബറിലാണ് അൽ ഖുറാഷിയെ ഐഎസ് നേതാവായി തെരഞ്ഞെടുത്തത്.