രാജ്യാതിർത്തിയിലെ വഴിയോരങ്ങളിലുണ്ട് ചില സങ്കടക്കാഴ്ചകൾ..!
പാക്കിസ്ഥാൻ പൗരനായ മുന്നാദി അഹമ്മദ് ഭാര്യ ഇന്ത്യക്കാരിയായ സാക്കിയ ഫിർദോയോട് യാത്ര പറഞ്ഞു നാട്ടിലേക്കു മടങ്ങുന്നു. പഞ്ചാബിലെ അട്ടാരി - വാഗാ അതിർത്തിയിൽ നിന്നുള്ള ദൃശ്യം
പഞ്ചാബിലെ വാഗാ അതിർത്തിയിൽ നിന്ന് സിജോ പൈനാടത്ത്
Monday, May 5, 2025 3:45 PM IST
അമൃത്സർ: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയായ പഞ്ചാബിലെ അട്ടാരി - വാഗായിലെ വഴിയോരങ്ങൾ വികാരനിർഭരമായ ചില യാത്ര പറച്ചിലുകൾക്ക് വേദിയാകുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. വിവാഹത്തിനുശേഷം പങ്കാളിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തവർ മുതൽ ബന്ധുക്കളേളോടു യാത്ര പറഞ്ഞ് രാജ്യം വിടേണ്ടിവരുന്നവരെയും അതിർത്തി വഴികളിൽ കണ്ടു.
പഹൽഗാം ആക്രമണത്തിനു തൊട്ടു മുമ്പായിരുന്നു പാക്കിസ്ഥാൻ പൗരനായ മുന്നാദി അഹമ്മദിന്റെ വിവാഹം. വധു ഇന്ത്യക്കാരിയായ സാക്കിയ ഫിർദോ. വിവാഹം നടന്നത് ഇന്ത്യയിൽ. വിവാഹശേഷം ഔദ്യോഗിക രേഖകൾ ക്രമപ്പെടുത്തുന്നതിന് മുമ്പ് തന്നെ പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വന്നതാണ് മുന്നാദി അഹമ്മദിനെയും നവവധുവിനെയും പ്രതിസന്ധിയിലാക്കിയത്.
പാക്കിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുന്നാദി അഹമ്മദിന് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വന്നു . വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ യാത്രയാക്കേണ്ടി വന്ന സാക്കിയ ഫിർദോയുടെ കണ്ണുനീരണിഞ്ഞ മുഖം വാഗ അതിർത്തിയുടെ നൊമ്പരക്കാഴ്ചയായി . സാക്കിയയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും മുന്നാദി അഹമ്മദിനെ യാത്രയാക്കാൻ അതിർത്തിയിൽ എത്തിയിരുന്നു .
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് എത്തിയ കലാകാരന്മാരെയും ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷ സമാന സാഹചര്യം വിഷമത്തിലാക്കി. പലരും നിശ്ചയിച്ച പരിപാടികൾ നടത്താനാവാതെ മടങ്ങി.
ഇതിനിടെ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് സാധാരണക്കാർ ഇരയാവുന്നു എന്ന് ആരോപിച്ച് വിവിധ സാമൂഹ്യ സംഘടനകൾ രംഗത്തെത്തി. ഭീകരവാദികൾ അക്രമം നടത്തിയതിന്റെ പേരിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് സർക്കാരുകൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഹിന്ദ് - പാക്കിസ്ഥാൻ ദോസ്തി മഞ്ച് ജനറൽ സെക്രട്ടറി സത്നാം സിംഗ് പറഞ്ഞു.
പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകരെയും രാജ്യങ്ങൾ തമ്മിലുള്ള തർക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്.