ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്: വ്യാജരേഖ ചമച്ചതിന് ഷുക്കൂര്‍ വക്കീലിനെതിരെ കേസ്
Saturday, July 22, 2023 7:40 PM IST
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും സിനിമാനടനുമായ അഡ്വ.സി. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. കളനാട് കട്ടക്കാല്‍ ന്യൂ വൈറ്റ് ഹൗസില്‍ എസ്.കെ. മുഹമ്മദ് കുഞ്ഞി(78)യുടെ ഹര്‍ജിയിലാണ് കേസെടുത്തത്.
ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചെന്നാണ് പരാതി. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ കമ്പനിയുടെ ഡയറക്ടറായി അവതരിപ്പിച്ചതെന്നാണ് മുഹമ്മദ് കുഞ്ഞി ഹര്‍ജിയില്‍ പറയുന്നത്. മുസ്ലിം ലീഗ് നേതാക്കളായ മുന്‍ എംഎല്‍എ എം.സി. കമറുദ്ദിനും പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി.