ലോട്ടറി ടിക്കറ്റ് തിരുത്തി ഏജന്റിനെ 5000 രൂപ കബളിപ്പിച്ചു
Friday, August 25, 2023 7:09 AM IST
കഴക്കൂട്ടം: ലോട്ടറി ടിക്കറ്റ് തിരുത്തി ഏജന്റിൽ നിന്നും 5000 രൂപ കൈക്കലാക്കിയതായി പരാതി. കാര്യവട്ടം കുരിശടി മുക്കിൽ കെ.കെ. നഗർ ശ്രീനിലയത്തിൽ താമസിക്കുന്ന ശ്രീകണ്ഠന്റെ കൈയിൽ നിന്നാണ് പണം കൈക്കലാക്കിയത്.
കേരളാ സംസ്ഥാന ലോട്ടറിയുടെ വിൻ വിൻ ലോട്ടറിയുടെ ഓഗസ്റ്റ് 21ന് നടന്ന നറുക്കെടുപ്പിലെ 732 മത് ലോട്ടറി ടിക്കറ്റിന്റെ നന്പറാണ് തിരുത്തിയത്. 5000 രൂപ സമ്മാനം അടിച്ച 293546 എന്ന നമ്പർ 293316 എന്ന ടിക്കറ്റിൽ തിരുത്തി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
പാങ്ങപ്പാറ ഗുരുമന്ദിരത്തിലെ പൂജാരിയായ ശ്രീകണ്ഠൻ ബുധനാഴ്ച പൂജ കഴിഞ്ഞശേഷം പതിവു പോലെ ലോട്ടറി കച്ചവടത്തിനിടയിൽ കഴക്കൂട്ടം ബൈപാസിൽവച്ചാണ് വള്ളക്കടവ് അഗ്രികൾചറൽ വകുപ്പിൽ ജോലി ചെയ്യുന്നയാൾ എന്നു പരിചയപ്പെടുത്തി ടിക്കറ്റ് മാറിയത്.
അഞ്ചുബംപർ ടിക്കറ്റും ഒരു കോടിയുടെ ആറു ടിക്കറ്റും 2200 രൂപയും ശ്രീകണ്ഠന്റെ കൈയ്യിൽ നിന്നും വാങ്ങിയ ശേഷം ചായയും 100 രൂപയും നൽകി യാണ് ഇയാൾ മടങ്ങിയത്.
ടിക്കറ്റ് ഏജൻസിയിൽ ഹാജരാക്കിയപ്പോഴാണ് തിരുത്തൽ വരുത്തിയ ടിക്കറ്റാണെന്ന്തി രിച്ചറിഞ്ഞത്. കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാന രീതിയിൽ കണിയാപുരത്തും കഴിഞ്ഞയാഴ്ച കബളിപ്പിയ്ക്കൽ നടന്നിരുന്നു.