മണിപ്പുരിലെ അക്രമികളെ നേരിടാൻ റിട്ടഴേഡ് കേണലിനെ പോലീസിലെടുത്ത് സർക്കാർ
Monday, September 4, 2023 7:04 PM IST
ഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പുരിൽ സമാധാനം ഉറപ്പാക്കാനായി കീർത്തിചക്ര പുരസ്കാരജേതാവായ റിട്ടഴേഡ് കേണലിന് സംസ്ഥാന പോലീസിൽ പ്രത്യേക നിയമനം നൽകി സർക്കാർ.
മ്യാൻമർ ഭീകരർക്കെതിരെ പോരാട്ടം നടത്തിയ റിട്ട. കേണൽ നെക്ടാർ സഞ്ജേബം മണിപ്പുർ പോലീസിൽ സീനിയർ സുപ്രണ്ട്(കോംബാറ്റ്) ആയി സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിയിപ്പ്. സഞ്ജേബത്തിനായി പ്രത്യേകം സൃഷ്ടിച്ച പദവിയിൽ അദ്ദേഹം അഞ്ച് വർഷം തുടരും.
2015-ൽ മണിപ്പുരിലെ ചണ്ഡേൽ ജില്ലയിൽ മ്യാൻമർ ഭീകരർ നടത്തിയ ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേണൽ സഞ്ജേബത്തിന്റെ നേതൃത്വത്തിൽ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർക്ക് "കനത്ത നാശം' ഉണ്ടായതായി സർക്കാർ വ്യക്തമാക്കിയിരുന്നു.