അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് ചികിത്സയിൽ
Saturday, October 28, 2023 12:41 AM IST
കോൽക്കത്ത: അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷുഗർ, വൃക്കസംബന്ധമായ രോഗങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയപ്പോൾ തലകറക്കം, ഛർദ്ദി, ഇടതുകൈയുടെ ബലക്കുറവ് എന്നിവയെക്കുറിച്ച് പരാതിപ്പെട്ട മന്ത്രി ബോധരഹിതനായിരുന്നു.
66 കാരനായ ജ്യോതിപ്രിയ മല്ലിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സൂക്ഷ്മ നിരീക്ഷണത്തിനും കൂടുതൽ വിലയിരുത്തലിനും വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
കോടിക്കണക്കിന് രൂപയുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മന്ത്രിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ സിറ്റി കോടതിയിൽ ഹാജരാക്കിയെങ്കിലും ബോധരഹിതനാവുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.