സ്വവർഗ വിവാഹം സംബന്ധിച്ച വിധി പുനഃപരിശോധിക്കണം; സുപ്രീം കോടതിയിൽ ഹർജി
Thursday, November 2, 2023 6:31 AM IST
ഡൽഹി: സ്വവര്‍ഗ വിവാഹത്തിന് അനുമതി നിഷേധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി.
ഉദിത് സൂദ് എന്നയാളാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരിക്കുന്നത്. ഒക്ടോബർ 17നാണ് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
സ്പെഷല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്പെഷല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് വിധിയിൽ പറഞ്ഞിരുന്നു.
സ്വവർഗ വിവാഹത്തിന് അവകാശമില്ലെന്നതാണ് വിധിയിലെ ഏകാഭിപ്രായം. ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
സ്പെഷൽ മാരേജ് ആക്ടിൽ മാറ്റം വരുത്തണോ എന്നത് പാർലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമം വ്യാഖ്യാനിക്കാൻ മാത്രമേ കോടതിക്ക് കഴിയൂ എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
സ്വവർഗാനുരാഗികള്‍ വിവേചനം നേരിടുന്നില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിവേചനം ഇല്ലെന്ന് ഉറപ്പാക്കാന്‍ പാനല്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ട്രാന്‍സ് വ്യക്തികള്‍ക്ക് വിവാഹത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.
ചീഫ് ജസ്റ്റീസിന്റെ വിധിയോട് ജസ്റ്റിസ് സഞ്ജയ് കിഷന് കൗൾ യോജിച്ചപ്പോൾ ബാക്കി മൂന്ന് ജഡ്ജിമാർ ഹർജിയിൽ എതിർപ്പറിയിച്ചു. വിവാഹം മതപരമായ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാണെന്നും ചീഫ് ജസ്റ്റീസിന്റെ വിധിയോട് യോജിക്കുന്നില്ലെന്നും ജസ്റ്റീസ് രവീന്ദ്ര ഭട്ട് പറഞ്ഞു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേർ എതിർത്തതോടെ ഹർജികള്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.