സ്റ്റാറായി സ്റ്റാർക്ക്; 24.75 കോടിക്ക് ഓസീസ് താരത്തെ സ്വന്തമാക്കി കോൽക്കത്ത
Tuesday, December 19, 2023 6:01 PM IST
മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റിക്കാർഡ് സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക്. 24.75 കോടിക്കാണ് താരത്തിനെ കോൽക്കത്ത പാളയത്തിലെത്തിച്ചത്. ലേലത്തിൽ സ്റ്റാർക്കിനായി ഗുജറാത്ത് ടൈറ്റൻസും രംഗത്തുണ്ടായിരുന്നു. 24.5 കോടി വരെ വിളിച്ച ഗുജറാത്ത് അവസാന ഘട്ടത്തിൽ പിന്മാറുകയായിരുന്നു.
നേരത്തെ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ ഹൈദരാബാദ് 20.5 കോടിക്ക് സ്വന്തമാക്കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ കമ്മിൻസിനെ മറികടന്നു സ്റ്റാർക്ക് ഒന്നാമനായി.
ഐപിഎൽ താരലേലത്തിൽ വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫും നേട്ടമുണ്ടാക്കി. 11.5 കോടിക്കാണ് താരത്തിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ലക്നൗ സൂപ്പർ ജയന്റസും രംഗത്തുണ്ടായിരുന്നു. ഇന്ത്യയുടെ സീനിയർ പേസർ ഉമേഷ് യാദവ് 5.8 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിലെത്തി. പേസർ ശിവം മാവിയെ 6.4 കോടിക്ക് ലക്നോ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററും മുൻ മുംബൈ താരവുമായ ട്രിസ്റ്റൻ സ്റ്റബ്സിനെ 50 ലക്ഷം രുപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എസ് ഭരതിനെ 50 ലക്ഷം രൂപയ്ക്ക് കോൽക്കത്ത ടീമിലെത്തിച്ചു. ശ്രീലങ്കൻ പേസർ മധുശങ്കയെ 4.6 കോടിക്ക് മുംബൈ സ്വന്തമാക്കി. ജയ്ദേവ് ഉനദ്കട്ടിനെ 1.6 കോടിക്ക് ഹൈദരാബാദ് വാങ്ങി.
ഓസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിസ്, ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസണ്, ശ്രീലങ്കൻ താരം കുശാൽ മെൻഡിസ് എന്നിവർ അണ്സോൾഡായി.