അയോധ്യയിലേക്കുള്ള ക്ഷണം ഭാഗ്യമായി കരുതുന്നു: നരേന്ദ്ര മോദി
Monday, January 15, 2024 4:56 PM IST
ന്യൂഡൽഹി: അയോധ്യാ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും പ്രതിഷ്ഠാ ചടങ്ങിനുള്ള തയാറെടുപ്പിന്റെ ഭാഗമായി 11 ദിവസത്തെ വ്രതത്തിലാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനുവരി 22ന് ഭഗവാൻ ശ്രീരാമൻ അദ്ദേഹത്തിന്റെ മഹാക്ഷേത്രത്തിൽ നിന്ന് നമുക്ക് ദർശനം നൽകുമെന്നും പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയുടെ ഗുണഭോക്താക്കളെ ഓൺലൈനിൽ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അയോധ്യ. മൂന്നു നിലകളിലായാണ് രാമക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.
പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവത്കരിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു ശേഷം രാമക്ഷേത്രത്തിലെത്തുമെന്ന് കോൺഗ്രസ് യുപി ഘടകം അറിയിച്ചു.