ഡീപ് ഫേക്ക് വീഡിയോ; സച്ചിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
Thursday, January 18, 2024 3:48 PM IST
മുംബൈ: ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന് തെൻഡുക്കർ നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുബൈ പോലീസ്. സൈബര്‍ സെല്ലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പരസ്യചിത്രം നിര്‍മിച്ച ഗെയിംമിംഗ് കമ്പനിക്കെതിരെയാണ് കേസ്. വീഡിയോ പുറത്തുവിട്ട ഫേസ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. നിർമിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തൽ.
സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.