ഞായറാഴ്ച കർഷക സംഘടനകളുമായി ചർച്ച; "ഡൽഹി ചലോ’ മാർച്ച് തത്കാലത്തേക്കില്ല
Saturday, February 17, 2024 6:10 AM IST
ന്യൂഡൽഹി: കർഷക സമരത്തിൽ അടുത്തഘട്ട ചർച്ചകൾ ഞായറാഴ്ച നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഡൽഹി ചലോ മാർച്ച് തത്കാലത്തേക്ക് ഇല്ലെന്ന് കർഷകർ. ചർച്ച കഴിയുംവരേ ഡൽഹി-ഹരിയാന അതിർത്തിയിൽ സമാധാനപരമായി സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ഞായറാഴ്ചത്തെ ചർച്ചയും പരാജയപ്പെട്ടാൽ സമരം കടുപ്പിച്ച് മുന്നോട്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. എന്നാൽ കർഷകരുടെ പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് മൂന്നാംഘട്ട ചർച്ചയ്ക്കുശേഷം കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പ്രതികരിച്ചിരുന്നു.
കർഷകരുമായി അഞ്ചുമണിക്കൂർ നീണ്ടുനിന്ന മൂന്നാംഘട്ട ചർച്ച പരാജയപ്പെട്ടതോടെയാണ് ഞായറാഴ്ച അടുത്ത ചർച്ച തീരുമാനിച്ചിരിക്കുന്നത്. ഈ ചർച്ചയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം എന്ന നിലപാടിലാണ് കർഷകർ.