ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്ന് പ്രതികളും പിടിയില്‍
Sunday, February 25, 2024 10:47 PM IST
തിരുവല്ല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ അന്തിക്കാട് ചുള്ളിപ്പറമ്പില്‍ വീട്ടില്‍ സി.ബി.അതുല്‍ കൃഷ്ണ (19), അന്തിക്കാട് അന്തിക്കോടി വീട്ടില്‍ അജില്‍ (18), അന്തിക്കോട് പച്ചാമ്പുള്ളി വീട്ടില്‍ പി.ഡി. ജയരാജ് (23) എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അതുലും, അജിലും ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർക്ക് സഹായം ഒരുക്കിയ കേസിലാണ് ജയരാജ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളില്‍ എത്തിയ കുട്ടി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് അതുലുമായി പെണ്‍കുട്ടി സൗഹൃദത്തിലായതെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയുമായി യുവാക്കൾ ബസിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പോലീസിനു ലഭിച്ചിരുന്നു.തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.