ജയത്തിലേക്ക് ദൂരം 74 റൺസ്; റാഞ്ചിയിൽ ഇന്ത്യ പൊരുതുന്നു
Monday, February 26, 2024 12:10 PM IST
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ജയത്തിനായി ഇന്ത്യ പൊരുതുന്നു. നാലാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലാണ് ഇന്ത്യ. 18 റൺസുമായി ശുഭ്മാൻ ഗില്ലും മൂന്നു റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഏഴുവിക്കറ്റ് ശേഷിക്കേ ഇന്ത്യയ്ക്ക് ജയിക്കാൻ 74 റൺസ് മതി.
നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 44 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. റൂട്ടിന്റെ പന്തിൽ ആൻഡേഴ്സണ് പിടികൊടുത്തു മടങ്ങുമ്പോൾ 37 റൺസായിരുന്നു യുവതാരത്തിന്റെ സമ്പാദ്യം.
പിന്നാലെ സ്കോർ 99 റൺസിൽ നില്ക്കേ നായകൻ രോഹിത് ശർമയും (55) മടങ്ങി. ടോം ഹാർട്ലിയുടെ പന്തിൽ ബെൻ ഫോക്സിന് ക്യാച്ച്. ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെ രജത് പാട്ടീദാറും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. റണ്ണൊന്നുമെടുക്കാതെ പാട്ടീദാർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യ മൂന്നിന് 100 എന്ന സ്ഥിതിയിലായി. പിന്നീട് ക്രിസീൽ ഒന്നിച്ച ഗില്ലും ജഡേജയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി.
ചെറിയ വിജയലക്ഷ്യമെങ്കിലും കുത്തിത്തിരിയുന്ന പിച്ചിൽ ബാറ്റിംഗ് ഇന്ത്യയ്ക്ക് ദുഷ്കരമായതിനാൽ കരുതലോടെ ബാറ്റ് വീശാനാകും ഇന്ത്യൻ ബാറ്റർമാരുടെ ശ്രമം.