സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗും; പാർട്ടി നേതൃത്വത്തെ കാണും
Tuesday, February 27, 2024 10:43 AM IST
മലപ്പുറം: സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗും. ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇന്ന് മുസ്ലീം ലീഗ് നേതാക്കളുമായി യൂത്ത് ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തും.
ലീഗിന്റെ രണ്ട് ലോക്സഭാ സീറ്റില്‍ ഒന്ന് യുവാക്കള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഈ സീറ്റിലേക്ക് പി.കെ.ഫിറോസിനെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്തും. അല്ലെങ്കില്‍ കോൺഗ്രസുമായുള്ള ധാരണപ്രകാരം പുതുതായി കിട്ടുന്ന രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുമെന്നാണ് വിവരം.
അതേസമയം മൂന്നാം സീറ്റിനുവേണ്ടി ശക്തമായ വാദവുമായി രംഗത്തെത്തിയ മുസ്ലീം ലീഗിനു രാജ്യസഭാ സീറ്റില്‍ തൃപ്തിപ്പെടേണ്ടിവരും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗീന് നല്‍കാമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.
ഈ നിര്‍ദേശം ലീഗ് അംഗീകരിച്ചതായാണ് സൂചന. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം ലീഗ് തീരുമാനം പ്രഖ്യാപിക്കും.