5,000 കോടി നല്‍കാമെന്ന് കേന്ദ്രം, പോരെന്ന് കേരളം; വിശദവാദം കേള്‍ക്കാൻ സുപ്രീംകോടതി
Wednesday, March 13, 2024 12:10 PM IST
ന്യൂഡൽഹി: കേരളത്തിനുള്ള അധിക കടമെടുപ്പിൽ സമവായമായില്ല. കേരളത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5,000 കോടി നല്‍കാമെന്ന കേന്ദ്രസർക്കാരിന്റെ ഫോർമുല കേരളം തള്ളി. 10,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതോടെ ഇടക്കാല ഉത്തരവിന് വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വായ്പാപരിധിയില്‍ ഇളവ് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു രാവിലെ 10.30 ന് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
സുപ്രീം കോടതിയിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ തമ്മിൽ വലിയ വാദപ്രതിവാദമാണു നടന്നത്. കേരളത്തിന് 5,000 കോടി ഈ മാസം നല്‍കാമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒമ്പതു മാസത്തെ വായ്പാപരിധിയില്‍ നിന്നും ഈ തുക കുറവു വരുത്തുമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന് കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങൾക്കൊന്നും നൽകാത്ത ഇളവുകളാണു കേരളത്തിനു നൽകുന്നതെന്നും സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നും കേന്ദ്രം ഓർമിപ്പിച്ചു. എന്നാല്‍ 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടി രൂപ ഉടൻ നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
കേന്ദ്രം വാഗ്ദാനം ചെയ്ത 5,000 കോടി വാങ്ങിക്കൂടെ എന്ന് ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു. എന്നാൽ, വേണ്ടെന്നു സംസ്ഥാന സർക്കാർ നിലപാടെടുത്തു. തുടർന്ന് ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കേരളവും കേന്ദ്രവും നിലപാടെടുത്തതോടെ ഇടക്കാല ഉത്തരവിന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. അടുത്ത വ്യാഴാഴ്ച പത്തരയ്ക്ക് ഹർജിയിൽ വാദം കേൾക്കും.
പ്രത്യേക പരിഗണന നൽകി സംസ്ഥാനത്തിന് ഒറ്റത്തവണ സാന്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണമെന്നു ചൊവ്വാഴ്ച സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ബെയിൽ ഔട്ട് ആണെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചു. രക്ഷാപാക്കേജ് നൽകാൻ സാധ്യമല്ലെന്നും ഏപ്രിൽ ഒന്നിന് 5000 കോടി രൂപ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. സാന്പത്തികവർഷം അവസാനിക്കാനിരിക്കെ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് കോടതി നിർദേശിച്ചു.
വിശാലമനസോടെ കാര്യങ്ങളെ സമീപിക്കണമെന്നും കടുത്ത നിബന്ധനകൾ അടുത്ത സാന്പത്തികവർഷം വയ്ക്കാനും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി പറഞ്ഞു. കേരളത്തിന് ഇളവു നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനവും എത്ര രൂപ കടം നൽകാൻ സാധിക്കുമെന്ന കാര്യവും ഇന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള കേന്ദ്ര ഇടപെടലുകൾ ഒഴിവാക്കണമെന്നും കടമെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.