മുന്നിൽ റൺമല, പൊരുതിനോക്കാൻ വിദർഭ; നാലുവിക്കറ്റ് നഷ്ടം
Wednesday, March 13, 2024 3:57 PM IST
വാങ്കഡെ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ ഉയർത്തിയ 538 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വിദർഭ പൊരുതുന്നു. നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയിലാണ് വിദർഭ.
അർധസെഞ്ചുറിയുമായി കരുൺ നായരും (58), 38 റൺസുമായി നായകൻ അക്ഷയ് വഡ്കറുമാണ് ക്രീസിൽ. ആറുവിക്കറ്റ് മാത്രം ശേഷിക്കേ ജയത്തിലേക്ക് 418 റൺസ് കൂടി വേണം. സ്കോർബോർഡ്: മുംബൈ- 224, 418, വിദർഭ- 105, നാലിന് 196.
നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ 10 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയ്ക്ക് സ്കോർ 64 റൺസിൽ നില്‍ക്കെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായി. 32 റൺസെടുത്ത അഥർവ തൈഡെയെ ഷംസ് മുലാനി വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ 28 റൺസെടുത്ത ധ്രുവ് ഷോറെയെ തനുഷ് കോട്യാൻ ബൗൾഡാക്കുകയായിരുന്നു.
പിന്നാലെ ക്രീസിൽ ഒന്നിച്ച കരുൺ നായരും അമൻ മൊഖാഡെയും ചേർന്ന് കരുതലോടെ സ്കോർബോർഡ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 54 റൺസിന്റെ വിലപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 118 റൺസിൽ നില്‍ക്കെ മൊഖാഡെയെ (32) വിക്കറ്റിനു മുന്നിൽ കുടുക്കി മുഷീർ ഖാൻ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഏഴുറൺസെടുത്ത യഷ് റാത്തോഡിനെ തനുഷ് കോട്യാനും പുറത്താക്കിയതോടെ നാലിന് 133 റൺസെന്ന നിലയിൽ വിദർഭ പതറി.
ഈസമയത്താണ് നായകൻ അക്ഷയ് വഡ്കറും കരുൺ നായരും ക്രീസിൽ ഒന്നിച്ചത്. ഇരുവരും ചേർന്ന് 70 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി.
മുംബൈയ്ക്കു വേണ്ടി തനുഷ് കോട്യാൻ രണ്ടും മുഷീർ ഖാൻ, ഷംസ് മുലാനി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, മുഷീർ ഖാന്റെ സെഞ്ചുറിയും നായകൻ അജിങ്ക്യ രഹാനെയുടെയും ശ്രേയസ് അയ്യരുടെയും ഷംസ് മുലാനിയുടെയും അർധസെഞ്ചുറിയുമാണ് മുംബൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.