സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Thursday, March 28, 2024 1:43 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. മുകേഷും കാസര്‍ഗോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം.എല്‍. അശ്വിനിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രാവിലെ 11.30ന് സിഐടിയു ഓഫീസിന് മുന്നില്‍ നിന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായിട്ടാണ് മുകേഷ് പത്രിക സമര്‍പ്പിക്കാനെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന് മുമ്പാകെ രണ്ടു സെറ്റ് പത്രികയാണ് മുകേഷ് സമര്‍പ്പിച്ചത്.
മന്ത്രി കെ.എന്‍. ബാലഗോപാല്‍, മുന്‍ മന്ത്രി കെ. രാജു, സിപിഐ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ പി.എസ്. സുപാല്‍, സിപിഎം നേതാവ് വരദരാജന് തുടങ്ങിയവര്‍ പത്രികാസമര്‍പ്പണത്തില്‍ പങ്കെടുത്തു.
മഹിളാ മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗമായ അശ്വിനി ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കാസര്‍ഗോഡ് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ സഞ്ജീവ് ഷെട്ടി, പ്രമീള സി. നായിക് അടക്കമുള്ളവര്‍ പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു.