കലിതുള്ളി കടൽ ; തീരത്ത് ജാഗ്രതാ നിർദേശം
Sunday, March 31, 2024 5:39 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉച്ചയോടെ കടലാക്രമണം ഉണ്ടായത്.
തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ശക്തമായ കടലാക്രമണത്തെ തുടർന്ന് കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. പൊഴിയൂർ മുതൽ പുല്ലുവിള വരെ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമാണ്. പുറക്കാട് രാവിലെ കടല്‍ ഉൾവലിഞ്ഞിരുന്നു. പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയ നിലയിലാണ്.
തൃശൂരില്‍ പെരിഞ്ഞനത്തും കടലാക്രമണമുണ്ടായി. തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറിയതിനെ തുടർന്ന് മത്സ്യബന്ധന വലകൾക്കും വള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലത്ത് മുണ്ടയ്ക്കലിലുണ്ടായ കടൽക്ഷേഭത്തിൽ നിരവധി വീടുകൾ തകർന്നു.
വേലിയേറ്റം മൂലം ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമിയോട് സമാനമായ കടലേറ്റമാണ് ഉണ്ടാകുന്നതെന്ന് തീരവാസികൾ പറഞ്ഞു.