ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
Friday, April 12, 2024 2:56 PM IST
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സിബിഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. ജെസ്നയുടെ പിതാവ് ജയിംസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കേസ് ഈ മാസം പത്തൊമ്പതിലേക്ക് മാറ്റി.
അന്തിമ കുറ്റപത്രം അംഗീകരിക്കണമോ എന്ന കാര്യത്തിലുള്ള വാദമാണ് ഇന്നു നടന്നത്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിൽ സിബിഐ വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടി ജെസ്നയുടെ പിതാവിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.
ഹർജിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാനരഹിതമായ മൊഴികള്‍ തള്ളിയതാണെന്നുമാണ് സിബിഐ സിജെഎം കോടതിയെ അറിയിച്ചത്. ഈ വിശദീകരണം പരിശോധിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ ചെയ്തത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹർജിയിലെ ആരോപണങ്ങൾ അടക്കം സിബിഐ അന്വേഷിച്ചിരുന്നു. ജെസ്നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ചു ദുരുപയോഗം ചെയ്തു എന്നത് ആരോപണം മാത്രമാണ്. ജെസ്ന ഗർഭിണി ആയിരുന്നില്ലെന്ന് ജെസ്നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫ് മൊഴി നൽകിയിട്ടുണ്ട്.
സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് ജെസ്ന അധ്യാപകരോടു പോലും കൂടുതൽ സംസാരിക്കാറുണ്ടായിരുന്നില്ല. കൃത്യതയോടുകൂടി തന്നെയാണ് അന്വേഷണം പൂർത്തിയാക്കിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
2018 മാർച്ച് 22ന് കൊല്ലമുളയിലെ സ്വന്തം വീട്ടിൽ നിന്ന് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെയാണ് ജെസ്നയെ കാണാതായത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുന്പൊന്നും ലഭിക്കാതെ വന്നതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.