സിഡ്നിയില്‍ അള്‍ത്താരയില്‍വച്ച് ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകരാക്രമണം
Tuesday, April 16, 2024 9:54 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ദേവാലയത്തിലെ ശുശ്രൂഷയ്ക്കിടെ ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ്. 15 വയസുകാരനാണ് പ്രതി.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഓര്‍ത്തഡോക്സ് സഭാ മെത്രാന് മാര്‍ മാറി ഇമ്മാനുവേലിനാണ് കുത്തേറ്റത്.
തിങ്കളാഴ്ച വൈകിട്ട് ഏഴോടെ സിഡ്നിയിലെ പടിഞ്ഞാറന്‍ പ്രാന്തത്തിലെ വൈക്ലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലാണ് സംഭവം. ബിഷപ് ബൈബിള്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കെ അള്‍ത്താരയിലേക്ക് കയറിവന്ന അക്രമി ശിരസിന് നേര്‍ക്ക് പലവട്ടം കുത്തുകയായിരുന്നു. ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിച്ച മറ്റ് മൂന്ന് പേര്‍ക്കും കുത്തേറ്റു. ആരുടെയും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.
അതേസമയം ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ പള്ളിക്ക് സമീപം തടിച്ചുകൂടിയ നൂറ് കണക്കിനാളുകള്‍ പോലീസുമായി ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.