അമേഠിയില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും: രാഹുല്‍ ഗാന്ധി
Wednesday, April 17, 2024 6:16 PM IST
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. താന്‍ പാര്‍ട്ടി സൈനികന് മാത്രമാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. തീരുമാനമെടുത്താല്‍ അവര്‍ തന്നെ അറിയിക്കും. അത് അനുസരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിലവിലെ എംപി സ്മൃതി ഇറാനിയാണ് മത്സര രംഗത്തുള്ളത്.
കോൺഗ്രസിന്റെ കുത്തകയായിരുന്ന സീറ്റ് 2019-ലെ തെരഞ്ഞെടുപ്പിൽ രാഹുലിനെ പരാജയപ്പെടുത്തി സ്മൃതി പിടിച്ചടക്കുകയായിരുന്നു. രാഹുൽ കൂടി തോറ്റതോടെ യുപിയിൽ കോൺഗ്രസിന്റെ സീറ്റ് ഒന്ന് മാത്രമായിരുന്നു.
റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ വിജയമാണ് യുപിയിൽ കൈപ്പത്തി ചിഹ്നത്തെ നിലനിർത്തിയത്. ഇത്തവണ സോണിയ മത്സര രംഗത്തുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. റായ്ബറേലിയിലെ സ്ഥാനാർഥിയെയും കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.