രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി
Monday, April 29, 2024 7:00 PM IST
ന്യൂഡൽഹി: രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി. ജയ്പുർ, കാണ്‍പുർ, ഗോവ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തെ തുടർന്നു സുരക്ഷാ നടപടികൾ വർധിപ്പിക്കുകയും സമഗ്രമായ തെരച്ചിൽ നടത്തുകയും ചെയ്തു. ഒന്നിലധികം വിമാനത്താവളങ്ങൾക്ക് സമാനമായ ഇമെയിലുകൾ ലഭിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ഈ സംഭവം.
ഗോവയിലെ ഡംബോളിം വിമാനത്താവളത്തിലെ ഔദ്യോഗിക ഇമെയിലിലേയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവള അധികൃതരുടെ പരാതിയെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും തെരച്ചിൽ നടത്തി.
ഇന്ന് രാവിലെ രാജസ്ഥാനിലെ ജയ്പുർ ഇന്റർനാഷണൽ എയർപോർട്ടിന്റെ എയർപോർട്ട് ഡയറക്ടർക്കും ഇമെയിൽ ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഭീഷണിയെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപുർ വിമാനത്താവളവും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഏപ്രിൽ 26 ന് കോൽക്കത്ത, ജയ്പുർ തുടങ്ങി നിരവധി വിമാനത്താവളങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ഭീഷണി സന്ദേശം അയച്ച പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.